ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി യുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്

കൈകൾ കെട്ടിവച്ചാണ് പ്രതിഷേധക്കാർ മാർച്ച് സംഘടിപ്പിച്ചത്. ജോർബാഗിൽവച്ച് മാർച്ച് പൊലീസ് തടഞ്ഞു

0

ഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോപത്തിന് നേതൃത്തം കൊടുത്തത്തിന്റെ പേരിൽ പോലീസ് പിടികൂടി തടങ്കലിൽ വച്ചിട്ടുള്ള ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്. കൈകൾ കെട്ടിവച്ചാണ് പ്രതിഷേധക്കാർ മാർച്ച് സംഘടിപ്പിച്ചത്. ജോർബാഗിൽവച്ച് മാർച്ച് പൊലീസ് തടഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ചന്ദ്രശേഖറെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ സംഘടിച്ചെത്തിയത്. പ്രവർത്തകർ എല്ലാവരും കൈകൾ കൂട്ടിക്കെട്ടിയിരുന്നു. അക്രമം നടത്തിയെന്ന് തങ്ങളുടെ നേർക്ക് ആരോപണം ഉയർത്താതിരിക്കാൻ വേണ്ടിയാണ് കൈകൾ കൂട്ടിക്കെട്ടിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ആസാദിനെ ജുമാ മസ്ജിദ് പരിസരത്തുവച്ചാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. ആസാദിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അതേസമയം ഡൽഹിയിലെ പ്രതിഷേധത്തിനിടെ ഉത്തർപ്രദേശ് ഭവന് മുന്നിൽ സംഘർഷമുണ്ടായി. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം ജമാ മസ്ജിദിലും ഭിം ആർമിയുടെ നേതൃത്വത്തിൽ ജോർ ബാഗിലും പ്രതിഷേധമുണ്ടായി.ജാമിഅ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് മണിക്കാണ് യു.പി ഭവൻ ഖരാവോ നിശ്ചയിച്ചിരുന്നത്. ഡി.വൈ.എഫ്.ഐ, ജെ.എന്‍.യു വിദ്യാർഥി യൂണിയൻ അടക്കമുള്ളവർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാവിലെ തന്നെ യുപി ഭവൻ, സീലം പൂർ, ജഫറബാദ് മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശക്തമായ സുരക്ഷയും ഒരുക്കി. ഇതെല്ലാം മറികടന്നാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസടക്കമുള്ളവർ യു.പി ഭവന് മുന്നിലെത്തിയത്.
പ്രതിഷേധിക്കാന്‍ ഒറ്റയ്ക്കും സംഘമായും എത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്ററുമായി എത്തിയ വിദ്യാര്‍ഥിനിയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കൗടില്യ മാർഗിലൂടെ പ്രതിഷേധക്കാർ യു.പി ഭവന് സമീപം എത്താൻ ശ്രമം നടത്തി. 200ൽ അധികം പേരെയാണ് ഇവിടെ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജമാ മസ്ജിദിന്റെ ഒന്നാം ഗേറ്റിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. അൽക ലാംബ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ടി.എം.സി പ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

You might also like

-