ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 93 ആയി
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുസഫര്‍പൂരിലെത്തിയ കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
പട്ന : ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. അസുഖബാധയെത്തുടര്‍ന്ന് നൂറിലധികം കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുസഫര്‍പൂരിലെത്തിയ കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ബിഹാറില്‍ മസ്തിഷ്ക ജ്വരത്തെത്തുടര്‍ന്ന് മരിച്ച കുട്ടികളുടെ മരണ നിരക്ക് ദിനംപ്രതി കൂടുകയാണ്. അനൌദ്യോഗിക കണക്കനുസരിച്ച് മരണസഖ്യ നിലവിലുള്ളതിനെക്കാള്‍ കൂടുതലാണെന്നാണ് വിവരം. മുസഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ചത്. പുതിയ കണക്കനുസരിച്ച് 82 ആണ് ഇവിടുത്തെ മരണസഖ്യ. ഇതിന് പുറമെ മറ്റ് ചില സ്വകാര്യ ആശുപത്രികളിലും മരണം റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം കുട്ടികള്‍ ഇതേ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. പ്രശ്നം അനുദിനം വഷളാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം സ്ഥിതിഗതികള്‍ വിലയിരുത്താനായി മുസഫര്‍പൂറിലെത്തിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് കേന്ദ്രം സന്ദര്‍ശനം നടത്തിയത്.
എന്നാല്‍ ഇവര്‍ക്ക് നേരെ ചികിത്സ തേടിയെത്തിയവരുടെ ബന്ധുക്കളുടെ പ്രതിഷേധവും ഉണ്ടായി. സഹമന്ത്രി അശ്വിനി ചൌബെ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സോറന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 22 വരെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.