ഭാരത് ബയോടെക്കിൻ്റെ നേസൽ വാക്സിൻ ജനുവരിയിൽ
സ്വകാര്യ വിപണിയിൽ 800 രൂപയും സര്‍ക്കാര്‍ മേഖലയിൽ 325 രൂപയുമായിരിക്കും ജിഎസ് ടി ഒഴിവാക്കിയുള്ള വില.
ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഇന്‍ട്രാനേസല്‍ വാക്‌സിനായ ഇന്‍കോവാക് ജനുവരി അവസാനത്തോടെ വിപണിയിലെത്തും. ആളുകൾക്ക് കോവിന്‍ പോര്‍ട്ടല്‍ മുഖേനെ വാക്‌സിന്‍ സ്വീകരിക്കാം. പ്രാഥമിക രണ്ട് ഡോസ് ഷെഡ്യൂളിനും ബൂസ്റ്റര്‍ ഡോസിനുമായി അംഗീകാരം ലഭിച്ച ആദ്യത്തെ ഇന്‍ട്രാനേസല്‍ കൊവിഡ് വാക്‌സിനാണ് ഇന്‍കോവാക്.
വാക്‌സിന്‍ ജനുവരി നാലാം വാരത്തില്‍ ലഭ്യമായി തുടങ്ങുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. സ്വകാര്യ വിപണിയിൽ 800 രൂപയും സര്‍ക്കാര്‍ മേഖലയിൽ 325 രൂപയുമായിരിക്കും ജിഎസ് ടി ഒഴിവാക്കിയുള്ള വില. വാക്‌സിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ ഈ മാസം അംഗീകാരം നൽകിയിരുന്നു.
രണ്ടു ഡോസ് നല്‍കുന്ന കാര്യത്തില്‍, സുരക്ഷിതത്വം രോഗപ്രതിരോധ ശേഷി എന്നിവ സംബന്ധിച്ച് രാജ്യത്തെ 14 കേന്ദ്രങ്ങളിലായി ഏകദേശം 3100 പരീക്ഷണങ്ങള്‍ മൂന്നാം ഘട്ടത്തില്‍ നടത്തിയതായി ഭാരത് ബയോടെക്ക് അറിയിച്ചു. ഹെറ്ററോളജിക്കല്‍ ബൂസ്റ്റര്‍ ഡോസിനായി 875 പഠനങ്ങളും നടത്തിതായും ബിബി ഐഎല്‍ വ്യക്തമാക്കി. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് ഇന്‍കോവാക് വാക്സിൻ വികസിപ്പിച്ചെടുത്തത്.