ഭാഗ്യലക്ഷ്മിയെ കൈയേറ്റം ചെയ്തകേസിൽ യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം
വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു
തിരുവനന്തപുരം :ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കൈയേറ്റം ചെയ്തകേസിൽ യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ തുടരേണ്ടിവരും.ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുകയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷയിൽ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻ കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചത്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. വിജയ് പി നായരുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് മൂന്ന് പേരെയും പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.