മദ്യശാലകള്‍ തുറക്കുന്നതിന് പത്തിന മാര്‍ഗനിര്‍ദേശങ്ങളുമായി ബിവറേജസ് എം.ഡി
ലോക്ക് ഡൌണ്‍ ഇളവ് വന്നാല്‍ മെയ് നാല് മുതല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കും. ലോക്ക് ഡൌണ്‍ തീരുന്നതിന് മുന്‍പ് മദ്യശാലകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പറഞ്ഞു.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ അടച്ചിട്ട മദ്യശാലകള്‍ തുറക്കുന്നതിന് ബിവറേജസ് എം.ഡി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പത്തിന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ജീവനക്കാര്‍ക്കായി ഇറക്കിയ സര്‍ക്കുലറിലുള്ളത്. ലോക്ക് ഡൌണ്‍ ഇളവ് വന്നാല്‍ മെയ് നാല് മുതല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കും. ലോക്ക് ഡൌണ്‍ തീരുന്നതിന് മുന്‍പ് മദ്യശാലകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പറഞ്ഞു.
മേയ് മൂന്നിന് ശേഷം രോഗവ്യാപനം കാര്യമായി ഇല്ലാത്ത ജില്ലകളില്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തല്‍. രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളിൽ മദ്യശാലകള്‍ അനുവദിക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നാല്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കേണ്ടി വരുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ബിവറേജസ് എം.ഡി ജീവനക്കാര്‍ക്കായി സര്‍ക്കുലറര്‍ ഇറക്കിയത്. പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപായി ബിവറേജസ് ഔട്ട് ലെറ്റുകളുടേയും വെയർഹൗസുകളുടെയും പരിസരം അണുവിമുക്തമാകണം. ജീവനക്കാർ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. ഇതു വാങ്ങാനുള്ള പണം ഷോപ്പുകളിൽനിന്നും എടുക്കാം. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ കൃത്യമായി സാമൂഹ്യ അകലം പാലിക്കണം. മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ചശേഷമേ കടത്തി വിടൂ. ഇതിന് ആവശ്യമായ തെർമൽ സ്കാനറുകൾ ബവ്കോ ആസ്ഥാനത്തുനിന്ന് നൽകുമെന്നും എം.ഡിയുടെ സർക്കുലറിൽ പറയുന്നുണ്ട്. മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രധാനവരുമാനമാര്‍ഗ്ഗമായത് കൊണ്ട് തന്നെ ഇളവുകള്‍ ലഭിക്കുകയാണെങ്കില്‍ രോഗവ്യാപനം വലിയ തോതില്‍ ഇല്ലാത്ത ജില്ലകളില്‍ സര്‍ക്കാരിന്‍റെ മദ്യശാലകള്‍ തിങ്കളാഴ്ച തുറന്നേക്കും. എന്നാല്‍ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ വേഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ല.