:മദ്യവില്‍പനക്ക് ബെവ്കോ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
മദ്യം വില്‍പ്പനയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്കോ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.
തിരുവനന്തപുരം:മദ്യവില്‍പനക്ക് വെര്‍ച്വല്‍ ക്യൂ വഴിവിറ്റഴിക്കുന്നതിന് ബെവ്കോ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാണ് മദ്യവില്‍പന. ഒരു തവണ മദ്യം വാങ്ങിയാല്‍ പിന്നെ നാല് ദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ കഴിയൂ. പിഴവുകള്‍ തിരുത്തി ബെവ് ക്യൂ ആപ്പ് വീണ്ടും ഗൂഗിളിൽ അപ്‍ലോഡ് ചെയ്തു.
മദ്യം വില്‍പ്പനയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്കോ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. മദ്യശാലകളില്‍ കൌണ്ടറിന് സമീപം അഞ്ച് പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഓരോ ആള്‍ക്കാര്‍ തമ്മിലും ആറടി വീതം അകലം വേണം. ഇ ടോക്കണ്‍ ലഭിക്കാത്തവരെ കൌണ്ടറിന് സമീപത്തേക്ക് അയക്കില്ല. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം വരെയാണ് ഒരു സമയം വാങ്ങാന്‍ കഴിയുക. ഒരു തവണ മദ്യം വാങ്ങിക്കഴിഞ്ഞാല്‍ നാല് ദിവസം കഴിഞ്ഞ് മാത്രമേ വീണ്ടും മദ്യം വാങ്ങാന്‍ കഴിയൂ. വരുന്നവരെ എല്ലാം തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കും. രോഗലക്ഷണം കാണിച്ചാല്‍ കൌണ്ടറിലേക്ക് കടത്തി വിടില്ല. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക്എസ്എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാന്‍ കഴിയും.
മദ്യം ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡുമായി അനുവദിക്കപ്പെട്ട സമയത്ത് ചെന്നാല്‍ പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയും. ബെവ് ക്യൂ ആപ്പ് ഇന്ന് പുലർച്ചെ പിഴവുകൾ തിരുത്തിയാണ് ആപ് ഗൂഗിളിൽ വീണ്ടും അപ്ലോഡ് ചെയ്തത്. ഗൂഗിളിൻറെ അനുമതി കിട്ടിയാൽ സെക്യൂരിറ്റി, ലോഡിങ് പരിശോധനകൾക്ക് ശേഷം ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകും. ആപ്പിന് ഗൂഗിൾ അനുമതി ലഭിച്ചാൽ അടുത്താഴ്ചയെങ്കിലും മദ്യവിതരണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.