ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ മൃതദേഹം സംസ്കരിച്ചു
യാക്കോബാ സഭയിലെ സീനിയർ ജോസഫ് മോർ ഗ്രിഗോറിയോസിനെ തിരുമേനി തന്റെ പിൻഗാമി ആകണമെന്ന ആഗ്രഹം ബാവയുടെ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു ശ്രേഷ്ഠ ഇടയന്റെ വിൽപത്രം വായിച്ചു
കൊച്ചി | യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ മൃതദേഹം സംസ്കരിച്ചു സംസ്കാരശുശ്രൂഷ ചടങ്ങുകളുടെ ഭാഗമായി പള്ളിക്ക് ചുറ്റും മൃതദേഹവുമായി വിലാപ യാത്ര നടത്തിയ ശേഷമാണമാണ്.പുത്തൻകുരിശ് സഭാ ആസ്ഥാനത്തുള്ള മാർ അത്തനെഷ്യസ് കത്തീഡ്രൽ പള്ളിയോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ആണ് ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം കബറടക്കിയത്.
യാക്കോബാ സഭയിലെ സീനിയർ ജോസഫ് മോർ ഗ്രിഗോറിയോസിനെ തിരുമേനി തന്റെ പിൻഗാമി ആകണമെന്ന ആഗ്രഹം ബാവയുടെ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു ശ്രേഷ്ഠ ഇടയന്റെ വിൽപത്രം വായിച്ചു. മലങ്കര മെത്രാപ്പോലീത്ത പിൻഗാമിയാക്കണമെന്നാണ് ആഗ്രഹമെന്നാണ് വില്‍പത്രത്തിലുണ്ട് . താൻ ധരിച്ച സ്വർണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികൾ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാൻ ഉപയോഗിക്കണമെന്ന് വിൽപത്രത്തിൽ പറയുന്നുണ്ട്. സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണം. അന്തോഖ്യ സിംഹാസനത്തിന് കീഴിൽ സഭ ഉറച്ചു നിൽക്കണമെന്നും വിൽപ്പത്രത്തിൽ പറയുന്നു.
തൻ്റെ സ്വത്തുക്കളെല്ലാം സഭയ്ക്ക് നൽകണം. അങ്കമാലി ഭദ്രാസനം അഞ്ച് സ്വതന്ത്ര ഭദ്രാസനങ്ങളാക്കണം. ഇക്കാര്യം സഭാസമിതികൾ തീരുമാനിക്കണം. സന്യാസിനി സമൂഹത്തെ കരുതലോടെ കാണണം. തൻ്റെ സ്വർണം, കാറ് എന്നിവ വിറ്റ പണം പള്ളികൾ നഷ്ടപ്പെട്ടവർക്ക് നൽകണമെന്നും വിൽപത്രത്തിലുണ്ട്. ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്. മൂന്ന് മണിയോടെയാണ് കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചത്. യാക്കോബായ സഭ ആഗോളതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവർ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്തു.
സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിച്ചു. സഭാ തർക്കം പരിഹരിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ശ്രേഷ്ഠ ബസേലിയോസ് ബാവ തോമസ് പ്രഥമന് നൽകിയ വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മനുഷ്യൻ തന്റെ ജീവിത കാലത്ത് ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടുക എന്നുപറയുന്നത് അത്യപൂർവ്വം ആളുകൾക്ക് മാത്രം കഴിയുന്നതാണെന്നും ശ്രേഷ്ഠ ബാവയുടെ ജീവിതം അത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി വിഎൻ വാസവൻ, നടൻ മമ്മുട്ടി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മൃതദേഹം കോതമംഗലത്ത് ചെറിയപ്പള്ളി, മർത്തമറിയം വലിയപ്പള്ളി എന്നിവിടങ്ങളിൽ ഇന്നലെ പൊതുദർശനത്തിന് വച്ചിരുന്നു.