ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ സ്ഥാനമേറ്റു ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ,

22 -മത് മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് കാതോലിക്ക ബാവയുമാണ് ഇനി അദ്ദേഹം

0

പത്തനംതിട്ട: ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ഡോ മാത്യൂസ് മാർ സേവേറിയോസ് ഇനി ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്ന പേരിൽ അറിയപ്പെടും. പരുമല പളളിയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകളിൽ വെച്ചാണ് പുതിയ പേര് സ്വീകരിച്ചത്. സ്ഥാനാരോഹണം പൂർത്തിയായി. കാതോലിക്ക സിംഹാസനത്തിൽ ഉപവിഷ്ടനായ ബാവായെ മെത്രാപ്പൊലീത്തമാർ സിംഹാസനത്തോടെ മൂന്ന് വട്ടം എടുത്തുയർത്തി. വിശ്വാസി സമൂഹം ഒക്സിയോസ് എന്ന് ഏറ്റുചൊല്ലി. ശേഷം മുതിർന്ന മെത്രാപ്പൊലീത്തമാർ ചേർന്ന് അംശവടി കൈമാറി.ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ വെച്ചാണ് മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനം ഏറ്റെടുത്തത്. 22 -മത് മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് കാതോലിക്ക ബാവയുമാണ് ഇനി അദ്ദേഹം.

സഭയ്ക്ക് പുതിയ അധ്യക്ഷൻ ആകുമ്പോൾ പള്ളിത്തർക്ക വിഷയത്തിലടക്കം സ്വീകരിക്കുന്ന നിലപാടാണ് ഇനി ശ്രദ്ധേയമാകുന്നത്. മലങ്കര സഭ ഒരു കുടുംബമാണെന്നും അഭിപ്രായ ഭിന്നത ഉണ്ടാകാം. എന്നാൽഅതെല്ലാം നീതിപൂർവ്വം പരിഹരിക്കണമെന്നും അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം പറഞ്ഞു. സഭകളുടെ ഐക്യം എന്നാൽ ലയനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ വളരെ കുറച്ച് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങാണ് നടന്നത്. പൊതുജനങ്ങൾക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്രൈസ്തവ സഭകൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന് മലങ്കരസഭ പ്രതിജ്ഞാബദ്ധമാണെന്ന് കാതോലിക്കാബാവ പറഞ്ഞു.മലങ്കര സഭയ്ക്ക് വാൽസ്യപൂർണമായ സമീപനമാണ് സഹോദര സഭകളോട് ഉണ്ടായിരിക്കുക എന്ന് പരിശുദ്ധ ബസേലിയസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവാ പറഞ്ഞു

കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ്. കാര്‍ക്കശ്യക്കാരനായ തിരുമേനിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേൽനോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തിൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ൽ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുൻ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുൻ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ 72-ാം വയസ്സിലാണ് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാകുന്നത്.

You might also like

-