ബാർ കോഴ ; ”ശബ്ദരേഖ എന്റേത് തന്നെ, പറഞ്ഞതെന്താണെന്ന് ഓര്‍മ്മയില്ല”:അനിമോൻ
കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡൻ്റ് സമ്മർദ്ദം ചെലുത്തിയെന്ന് അനിമോൻ പറഞ്ഞു. പിരിവ് നടക്കാത്തതിനാൽ തന്നെ വിമര്‍ശിച്ചെന്നും ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ പറയുന്നു.
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിൽ വിവാദമായ ശബ്ദ രേഖ നിഷേധിക്കാതെ ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ. കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡൻ്റ് സമ്മർദ്ദം ചെലുത്തിയെന്ന് അനിമോൻ പറഞ്ഞു. പിരിവ് നടക്കാത്തതിനാൽ തന്നെ വിമര്‍ശിച്ചെന്നും ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ പറയുന്നു. അന്ന് താൻ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമ്മയില്ല, 45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേയയിട്ടത്. ഗ്രൂപ്പിൽ പലർക്കും പണം നൽകാൻ താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.
തൊടുപുഴയിലെത്തിയ അന്വേഷണ സംഘം അനിമോനെ രഹസ്യമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്‌തത്. കോഴ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ അനിമോൻ മുങ്ങിയിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് നയമാറ്റത്തിനു വേണ്ടിയല്ല പുതിയ ആസ്ഥാന മന്ദിരം ഉണ്ടാക്കാൻ വേണ്ടിയാണന്ന വിശദീകരണവുമായാണ് അനി മോൻ വീണ്ടുമെത്തിയത്. നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണം ശബ്ദരേഖ ഗ്രൂപ്പിൽ ഇട്ടെന്ന അതേ വിശദീകരണമാണ് ക്രൈം ബ്രാഞ്ചിന് മൊഴിയായും അനിമോൻ നൽകിയത്. ശബ്ദരേഖയിട്ട വാട്സ് ആപ്പ് ഗ്രൂപ്പിലെ മറ്റ് ബാറുടമകളും മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറാണ് മൊഴി രേഖപ്പെടുത്തുന്നത്.