ബാങ്കുകളുടെ സമയം പുനക്രമീകരിച്ചു; പണം ആവശ്യമുള്ളവർക്ക് വീട്ടിലെത്തിക്കും
ക്ഷേമപെൻഷൻ, ജൻധൻ അക്കൗണ്ട് വഴിയുള്ള കേന്ദ്ര സർക്കാരിന്‍റെ പണ വിതരണം എന്നിവ പരിഗണിച്ച് ഈയാഴ്ച ബാങ്കുകൾ വൈകിട്ട് നാലു വരെ പ്രവർത്തിച്ചിരുന്നു.
തിരുവനന്തപുരം :സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും പുനക്രമീകരിച്ചു. തിങ്കൾ മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയേ ബാങ്കുകൾ പ്രവർത്തിക്കൂ. ഈ ക്രമീകരണം വ്യാഴം വരെ തുടരും. ക്ഷേമപെൻഷൻ, ജൻധൻ അക്കൗണ്ട് വഴിയുള്ള കേന്ദ്ര സർക്കാരിന്‍റെ പണ വിതരണം എന്നിവ പരിഗണിച്ച് ഈയാഴ്ച ബാങ്കുകൾ വൈകിട്ട് നാലു വരെ പ്രവർത്തിച്ചിരുന്നു. തിങ്കളാഴ്ച ജൻ ധൻ അക്കൗണ്ട് വഴിയുള്ള പണം വിതരണം ചെയ്യില്ലെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.
ബാങ്ക് അക്കൗണ്ടിലെ പണം ഇനി പോസ്റ്റ്മാൻ വീട്ടിലെത്തിക്കും. കോവിഡ് കാലത്ത് ബാക്കിലെ തിരക്ക് കുറയ്ക്കാനുള്ള പോസ്റ്റ് മാസ്റ്റർ ജനറലിന്റെ നിർദ്ദേശത്തിന് സർക്കാർ അനുമതി നൽകി. പണം പിൻവലിക്കേണ്ടവർ പോസ്റ്റ് ഓഫിസിലാണ് വിവരം നൽകേണ്ടത്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്കെല്ലാം ഇതു വഴി ബാങ്കിലോ എടിഎമ്മിലോ പോകാതെ പണം പിൻവലിക്കാനാകും. ബയോമെട്രിക് സംവിധാനം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സഹകരണ ബാങ്കിലെ പണം ഇത്തരത്തിൽ പിൻവലിക്കാനാവില്ല. സാമൂഹിക അകലം പാലിച്ച് പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയെന്ന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു