ജപ്തി ഭയന്ന് ആത്മഹത്യ: ബാങ്ക് മാനേജര്‍ക്കെതിരെ കേസ് എടുക്കും

ബാങ്ക് മാനേജർമാർ ആരാച്ചാർമാരായി മാറിയാൽ കൈയും കെട്ടി നോക്കിനിൽക്കാനാവില്ല. കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും യഥേഷ്ടം വായ്പകളും വായ്പായിളവുകളും പ്രഖ്യാപിക്കുന്ന പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരന് പൂർണമായി അപ്രാപ്യമായി മാറുകയാണ്

0

നെയ്യാറ്റുങ്കര ; നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്‍റെ ജപ്തി ഭയന്ന് അമ്മയും മകളും സ്വയം തീ കൊളുത്തുകയും മകൾ മരിക്കുകയും ചെയ്ത സംഭവത്തിൽ ബാങ്ക് മാനേജർക്കെതിരെ കേസെടുക്കും. കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കിന്‍റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും പൊലീസ് മൊഴി എടുത്തു. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ മകള്‍ വൈഷ്ണവി (19) മരിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ അമ്മ ലേഖ (40) അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടയ്ക്കാത്ത കാരണം വീടും വസ്തുവകകങ്ങളും ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നല്‍കിയ മനപ്രയാസത്തിലാണ് ഇവര്‍ ഈ കടുംകൈ ചെയ്തത് എന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. വൈഷ്ണവിയുടെ പിതാവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

അതേസമയം ബാങ്കുകളെ നിലക്ക് നിർത്തണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സാധാരണകാർക്ക് വേണ്ടി ഒരുകാലത്ത് ആരംഭിച്ച പൊതുമേഖലാ ബാങ്കുകൾ ഇന്ന് കച്ചവട കണ്ണോടെ പ്രവർത്തിക്കുന്ന ബ്ലൈഡ് സംഘങ്ങളായി അധ:പതിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.

ബാങ്ക് മാനേജർമാർ ആരാച്ചാർമാരായി മാറിയാൽ കൈയും കെട്ടി നോക്കിനിൽക്കാനാവില്ല. കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും യഥേഷ്ടം വായ്പകളും വായ്പായിളവുകളും പ്രഖ്യാപിക്കുന്ന പൊതുമേഖലാ ബാങ്കുകൾ സാധാരണക്കാരന് പൂർണമായി അപ്രാപ്യമായി മാറുകയാണ്. നെയ്യാറ്റിൻകരയിൽ ബാങ്ക് മാനേജരുടെ തുടർച്ചയായുള്ള സമ്മർദ്ദത്തിന്റെ ഫലമായാണ് ആ ദാരുണസംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം. ബാങ്ക് മാനേജരുടെയോ ബാങ്ക് അധികൃതരുടെയോ ഭാഗത്തുനിന്ന് അതിരുകടന്ന പ്രവർത്തനമുണ്ടായിട്ടുണ്ടെങ്കിൽ അവരെയും പ്രതിചേർക്കണം. ഇനിയൊരു സംഭവം ആവർത്തിക്കാത്തവിധം മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

You might also like

-