ബാണാസുര സാഗർ അണക്കെട്ട് നാളെ രാവിലെ 8 മണിക്ക് തുറക്കും
ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കന്‍റില്‍ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്. നിലവിൽ ഡാമിലെ ജലനിരപ്പ് 773.70 മീറ്ററാണ്
വയനാട് | ബാണാസുര സാഗർ അണക്കെട്ട് നാളെ രാവിലെ 8 മണിക്ക് തുറക്കും. അണക്കെട്ടിന്‍റെ ഒരു ഷട്ടർ 10 സെന്‍റിമീറ്റര്‍ തുറക്കാനാണ് തീരുമാനം. സെക്കന്‍റില്‍ 8.50 ക്യുബിക് മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. സെക്കന്‍റില്‍ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്. നിലവിൽ ഡാമിലെ ജലനിരപ്പ് 773.70 മീറ്ററാണ്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാത്രിയോടെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഡാം തുറക്കുന്നതിന് മുന്നോടിയായി സുരക്ഷ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു.
ജില്ലകക്ടറുടെ അറിയിപ്പ്
ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിൽ ജലനിരപ്പ് എത്തിയ സാഹചര്യത്തിൽ നാളെ (08.08.2022) ന് രാവിലെ 8 മണിക്ക് അണക്കെട്ടിന്റെ ഷട്ടർ 10 സെന്റിമീറ്റർ തുറക്കുന്നതാണ്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്നും മീൻ പിടിക്കുകയോ, പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്നും അറിയിക്കുന്നു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം മറ്റന്നാള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10 ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽ ഇന്ന് രാത്രി 11 മണിയോടെ റെഡ് അലർട്ട് പുറപ്പെടുവിക്കും. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്ന് വിടുക. ഡാം തുറന്നാൽ വെള്ളം ആദ്യം ഒഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിന്‍റെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്.
പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിനൊപ്പം ഇടമലയാര്‍ ഡാമുകൂടി തുറക്കുന്നതോടെ രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
അതേസമയം മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു തുടങ്ങി. ജലനിരപ്പ് 138.35 അടിയായി ഉയർന്നതിനെത്തുടര്‍ന്നാണ് വെള്ളത്തിന്‍റെ അളവ് കൂട്ടിയത്. സെക്കന്‍റില്‍ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറ് ഷട്ടറുകൾ 50 സെന്‍റിമീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇടമലയാർ അണക്കെട്ട് ചൊവാഴ്ച്ച തുറക്കും. ഇന്ന് രാത്രിയോടെ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. ആദ്യം 50 ക്യുമെക്സ് ജലവും പിന്നീട് 100 ക്യുമെക്‌സ് ജലവും ഒഴുക്കിവിടും. പെരിയാർ തീരത്തുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ രേണു രാജ് പറഞ്ഞു
ബംഗാൾ ഉള്‍ക്കടലിലെ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കും. വടക്കൻ കേരളത്തിൽ മഴ തുടരും. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.