ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറന്നു.
അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തുറന്നത്.
വയനാട്: വൃഷ്ടി പ്രദേശത്ത് മഴ കനത്തതിനെ തുടർന്ന് ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറന്നു. അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തുറന്നത്. സെക്കന്റിൽ 8500 ലിറ്റർ വെള്ളം ഷട്ടർ വഴി ഒഴുക്കി വിടും. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.
അണക്കെട്ടിന്റെ താഴ്‌വാരത്തുള്ളവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഈ മാസം ആദ്യം ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നിരുന്നു. 8.5 ക്യുമെക്സ് അതായത് ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലാണ് ഷട്ടറുകൾ തുറന്നിരുന്നത്.
775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷം ബാണാസുര സാഗര്‍ അണക്കെട്ട് പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാകാൻ കാരണമായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.