ഡൽഹി കലാപത്തിന്റെ വികൃത മുഖം നാടുകണ്ടതിന് മീഡിയ വണ്ണിനുംഏഷ്യനെറ്റിനും 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക്, വ്യാപക പ്രതിഷേധം

ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്.

0

ഡല്‍ഹി: കലാപം റിപ്പോര്‍ട്ട് ചെയ്ത മലായാള വാര്‍ത്താ ചാനലുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ലജ്ജിപ്പിക്കുന്ന പ്രതികാര നടപടി. പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം 48 മണിക്കൂര്‍ നിരോധിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും പൊടുന്നനെ വിലക്ക് ഏര്‍പ്പെടുത്തിയത്.കലാപം റിപ്പോർട്ട്‌ ചെയ്‌തപ്പോൾ സന്തുലിതമായി കാര്യങ്ങൾ അവതരിപ്പിച്ചില്ല, ഡൽഹി പൊലീസിനെയും ആർഎസ്‌എസിനെയും പ്രതിസ്ഥാനത്ത്‌ നിർത്തി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ്‌ വിലക്ക്‌. കലാപസമയത്ത്‌ പൊലീസ്‌ നിഷ്‌ക്രിയമായതും ആർഎസ്‌എസ്‌, സംഘ്‌പരിവാറുകാർ നടത്തിയ ആക്രമണങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കും സംഘ്‌പരിവാറുകാരിൽനിന്ന്‌ ഭീഷണിയുണ്ടായി. ട്വിറ്ററിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടർ പി ആർ സുനിലിന്റെ ചിത്രങ്ങൾവച്ചും ഉത്തരേന്ത്യൻ ഹാൻഡിലുകളിൽനിന്നും ഭീഷണിയുണ്ടായിരുന്നു

ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. കലാപത്തില്‍ കേന്ദ്രസര്‍ക്കാരും പൊലീസുംകാണിച്ച കുറ്റകരമായ മൗനവും അനാസ്ഥയും സഭവ സ്ഥലത്തുനിന്നും റിപ്പോർട്ടർമാർ തത്സമയം ലോകത്തെ കാണിച്ചു നൽകിയിരുന്നു കലാപത്തിലെ സംഘപരിവാർ ബന്ധം വും കല്പാത്തിനെ ദൃശ്യങ്ങളും മീഡിയവണും ഏഷ്യാനെറ്റ് ന്യൂസ് തത്സമയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകള്‍ക്കും ഈ വിഷയത്തില്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നല്‍കിയിരുന്നു . ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിരോധനം നടപ്പാക്കാന്‍ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.വാര്‍ത്താ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിലേക്ക് സര്‍ക്കാര്‍ ഇടപ്പെടുന്നതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

എഷ്യാനെറ്റ് ന്യൂസ്‌, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രം ആണിതെന്നു കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി. അക്രമം നടത്തിയ വർഗീയ ശക്തികൾക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പോലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവർ ആണ് മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്.ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണം അല്ല. കേന്ദ്ര സർക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ഡല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്നും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണെന്നും കെജുഡബ്ല്യൂജെ കുറ്റപ്പെടുത്തി. മാധ്യമള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കണം. സംപ്രേഷണം നിര്‍ത്തിവയ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയു്രെടയും പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ജിപിഒയ്ക്കു മുന്നില്‍ യോഗവും ചേരും.കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്ന് കയറ്റം അനുവദിക്കില്ലെന്നും എളമരം കരീം പറഞ്ഞു

You might also like

-