അയോധ്യ ബാബ്റിമസ്ജിത് കേസിൽ വിധി ഇന്ന്

അയോധ്യയിലെ തർക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ്​ ഹൈക്കോടതി വിധിക്കെതിരെയാണ്​ സുപ്രീംകോടതിയിൽ അപ്പീലുകൾ സമർപ്പിക്കപ്പെട്ടത്​. ദീപക്​ മിശ്രയെ കൂടാതെ ജസ്റ്റിസ്​ അശോക്​ ഭൂഷൺ, എസ്​. അബ്​ദുൾ നസീർ എന്നിവരും കേസിൽ വിധി പറയുന്ന ബെഞ്ചിൽ അംഗങ്ങളാണ്​.

0

ഡൽഹി :ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന് പുറത്തു വരും. കേസ്​ ഭരണഘടന ബെഞ്ചിന്​ കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമെടുക്കും.. ഇസ്‌ലാം മതവിശ്വാസിക്ക് പ്രാര്‍ത്ഥനയ്ക്ക് പള്ളി നിര്‍ബന്ധമല്ലെന്ന ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി ഭരണഘടനാ ബെഞ്ചിന് വിടണമോ എന്നതിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. 1994 ലെ ഇസ്മയില്‍ ഫാറൂഖി കേസിന്റെ വിധി ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി വിധിച്ചാല്‍ അയോധ്യ തര്‍ക്കഭൂമിക്കേസിന്റെ നടപടികള്‍ വീണ്ടും വൈകിയേക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പറയുന്നത്. മൂന്നംഗ ബെഞ്ചിലെ അംഗമായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടുത്തയാഴ്ച വിരമിക്കാനിരിക്കെയാണ് നിര്‍ണായക വിധിയെന്നത് ശ്രദ്ധേയമാണ്.

1994 – ല്‍ ഇസ്മയില്‍ ഫാറൂഖി കേസിലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങള്‍ മുസ്‌ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്ന വിധി പ്രസ്താവിച്ചത്. ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും അത് അയോധ്യക്കേസിനെ ബാധിക്കുമെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു

വിധി മുസ്‌ലിം വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് വിവിധ മുസ്‌ലീം സംഘടനകളും സുന്നി വഖഫ് ബോര്‍ഡും ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ വാദിച്ചിരുന്നു. ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ തീര്‍പ്പായതിന് ശേഷമേ അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ സുപ്രിംകോടതി വാദം കേള്‍ക്കാവൂയെന്നും സുന്നി വഖഫ് ബോര്‍ഡും ഇസ്‌ലാം സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

ഇസ്മയില്‍ ഫാറൂഖി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി ഉയര്‍ന്ന ബെഞ്ച് പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്ന് അംഗീകരിച്ചാലും ഇല്ലെങ്കിലും വിധി അയോധ്യ ഭൂമിതര്‍ക്ക കേസില്‍ നിര്‍ണായകമായിരിക്കും.

 

You might also like

-