ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്
അമിത് മാളവ്യ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു.ഷഹീന്‍ബാഗിലെ പ്രതിഷേധത്തെ കുറിച്ച് അമിത് മാളവ്യ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അമിത് മാളവ്യ മാപ്പു പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ജനുവരി 15ന് ട്വിറ്ററില്‍ അമിത് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകള്‍ക്ക് പ്രതിദിനം അഞ്ഞൂറു രൂപ ലഭിക്കുന്നുണ്ടെന്നായിരുന്നു ആ വീഡിയോയിലെ അവകാശവാദം. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ അമിത് മാളവ്യക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.സക്കീര്‍ നഗര്‍ സ്വദേശിനി നഫീസാ ബാനു, ഷഹീന്‍ബാഗ് സ്വദേശിനി ഷഹ്‌സാദ് ഫാത്തിമ എന്നിവരാണ് അമിത്തിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമാസത്തിലധികമായി ഷഹീന്‍ ബാഗില്‍ പ്രതിഷേധം നടക്കുകയാണ്.