സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ എട്ടര മണിക്കൂർ ചോദ്യം ചെയ്തുവിട്ടയച്ചു
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ വച്ചായിരുന്നു ചേദ്യം ചെയ്യൽ.
കൊച്ചി :ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് കെ അയ്യപ്പനെ വിട്ടയച്ചത്.ഇന്ന് രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ വച്ചായിരുന്നു ചേദ്യം ചെയ്യൽ. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. അതേസമയം, കെ അയ്യപ്പനെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
നിയമസഭ സമ്മേളനം പുരോഗമിക്കുമ്പോഴാണ് സ്പീക്കറുടെ തന്നെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കേന്ദ്ര അന്വേഷണ ഏജൻസിയുടെ ചോദ്യ ശരങ്ങൾക്ക് മുന്നിലിരിക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ തേടിയാണ് അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചത്.നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടി. അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തും നൽകി. ഇതെല്ലാം തള്ളിയ കസ്റ്റംസ് വീട്ടിലേക്ക് നോട്ടിസ് അയച്ചാണ് അയ്യപ്പനെ വിളിപ്പിച്ചത്. രാവിലെ എട്ടു മണിയോടെ എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തിയ അയ്യപ്പൻ 9 മണിക്ക് ഓട്ടോയിലാണ് കസ്റ്റംസ് ഓഫീസിൽ എത്തിയത്
രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നെങ്കിലും വിവിധ കാരണങ്ങൾ കാട്ടി അയ്യപ്പൻ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. നിയമ സഭാ സെക്രട്ടറിയുടെ വാദങ്ങൾ തള്ളിയ കസ്റ്റംസ് ഇന്ന് ഹാജരാകുവാൻ ആവശ്യപ്പെടുകയായിരുന്നു.