അയോധ്യ കേസ‌് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി

പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോർട്ട് ജൂലായ് 31 നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

0

ദില്ലി: അയോധ്യ കേസ‌് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെക്കാന്‍ സുപ്രീം കോടതി തീരുമാനം. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോർട്ട് ജൂലായ് 31 നൽകണമെന്നും കോടതി നിര്‍ദേശിച്ചു. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് വ്യാഴാഴ്ച കോടതി തീരുമാനം അറിയിച്ചത്. സമിതിയുടെ ഇടക്കാല റിപ്പോർടിന്‍റെ ഉള്ളടക്കം ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മധ്യസ്ഥ ചര്‍ച്ചയിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകൾ പരിഗണിച്ചാണ് സമിതിയോട് തൽസ്ഥിതി റിപ്പോര്‍ട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ച നിര്‍ത്തി കേസിൽ കോടതി വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ഹര്‍ജിക്കാരായ രാംലല്ല ഉൾപ്പടെയുള്ളവരുടെ ആവശ്യം. അതേസമയം, മധ്യസ്ഥ ചര്‍ച്ച തുടരണമെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്‍റെ ആവശ്യം. മധ്യസ്ഥ ചര്‍ച്ചക്കായി റിട്ട. ജസ്റ്റിസ് ഇബ്രാഹിം കലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ സമിതിയെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.