അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാന്റെ വിധിഇന്ന്
കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍, സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. യുപിയിലേക്ക് സുരക്ഷസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡൽഹി :അയോധ്യാ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കു.
തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് വിധി പറയുക.അവധിദിനമായിട്ടും ഇന്ന് അയോധ്യ കേസില്‍ വിധി പറയാന്‍ ബഞ്ച് തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതിയിലും ഡല്‍ഹിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെ തന്നെ സുപ്രീംകോടതിക്ക് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് വര്‍ധിപ്പിച്ചിരുന്നു.
കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍, സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. യുപിയിലേക്ക് സുരക്ഷസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം
അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്നുനാം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. ഉയര്‍ന്ന മതനിരപേക്ഷ മൂല്യങ്ങളോടെ, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെനിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബാബരി ഭൂമി തര്‍ക്കം; നാള്‍വഴിയിലൂടെ..
1528ല്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ നിര്‍മിച്ചതാണ് അയോധ്യയിലെ ബാബരി മസ്ജിദ്. അന്ന് മുതല്‍ മുസ്‍ലിംകള്‍ ഈ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിപ്പോന്നു. എന്നാല്‍ രാമന്റെ ജന്മസ്ഥലത്താണ് പള്ളി പണിതതെന്നും ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും ഒരു വിഭാഗം ഹിന്ദുക്കള്‍ വാദിച്ചു. 1853ലാണ് ബാബരി മസ്ജിദിനെതിരെ പ്രചാരണം ശക്തിപ്പെട്ടത്. 1885ല്‍ ക്ഷേത്രം പണിയാന്‍ സ്ഥലം വേണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ഫൈസാബാദ് കോടതിയില്‍ അപേക്ഷ നല്‍കിയതോടെയാണ് സംഗതി കോടതി കയറിയത് .
1950ല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.കെ നായര്‍ ബാബറി മസ്ജിദ് ഭൂമി അയോധ്യ മുന്‍സിപ്പല്‍ റീസീവര്‍ ഭരണത്തിലാക്കി. ആ സ്ഥലം ആവശ്യപ്പെട്ട് ഗോപാല്‍സിങ് വിശാരദും പരമഹംസ രാമചന്ദ്രയും നിര്‍മോഹി അഖാഡെയും ഹരജി നല്‍കി. 61ല്‍ സുന്നി വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു. വിഎച്ച്പിയുടെ രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ രംഗപ്രവേശത്തോടെ വിഷയം കലുഷിതമായി. 89ല്‍ ബി.ജെ.പി അയോധ്യക്ഷേത്ര നിര്‍മാണം അജണ്ടയില്‍ ഉള്‍പ്പെടുത്തി.
90ല്‍ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണ തേടി അദ്വാനി രഥയാത്ര സംഘടിപ്പിച്ചു. അതിന്റെ അലയൊലിയില്‍ 92ല്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു. പിന്നീട് രാജ്യം സാക്ഷിയായത് വലിയ സംഘര്‍ഷങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമാണ്. 2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ അദ്വാനിക്കെതിരെ കേസെടുത്തു. പള്ളി പൊളിച്ചതിലും പിന്നീടുണ്ടായ പ്രശ്‌നങ്ങളിലും ബിജെപി നേതാക്കള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തി.
ഭൂമി മൂന്നായി തിരിച്ച് 2010ല്‍ അലഹാബാദ് ഹൈക്കോടതി ബാബരി കേസില്‍ വിധി പ്രഖ്യാപിച്ചു. ഭൂമി മൂന്നായി തിരിച്ച് ഹിന്ദു മഹാസഭയുടെ കീഴിലുള്ള രാംലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും വഖഫ് ബോര്‍ഡിനുമായി വീതിച്ചു നല്‍കി. ഇതിനെതിരെ വഖഫ് ബോര്‍ഡും ഹിന്ദു മഹാസഭയും സുപ്രീംകോടതിയെ സമീപിച്ചതോടെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യപ്പെട്ടു. നിലവിലെ സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ഭരണഘടനാബഞ്ച് കേസില്‍ അന്തിമ വാദം കേള്‍ക്കുകയും വിധി പ്രസ്താവിക്കുന്നതിലേക്ക് കടക്കുകയും ചെയ്തു.