“രാജ്യദ്രോഹക്കുറ്റം” ആയിഷ സുൽത്താനയെ അറസ്റ്റു ചെയ്താൽ ജാമ്യം അനുവദിക്കണം

ജൈവായുധ പരാമർശം നടത്തിയത് അബദ്ധത്തിലാണ്. അത് തെറ്റാണെന്ന് മനസിലായപ്പോൾ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 4.30 നാണ് കവരത്തി പോലീസ് സ്റ്റേഷനിൽ ആയിഷ സുൽത്താന ​ഹാജരാകേണ്ടത്

0

കൊച്ചി: അഡ്മിനിസ്ട്രേറ്റർക്കെതിരെ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതിയിൽ നിന്ന് താത്കാലിക ആശ്വാസം. ഞായറാഴ്ച കവരത്തി പോലീസ് സ്റ്റേഷനിൽ ആയിഷ സുൽത്താന ​ഹാജരാകണമെന്ന് നിർദേശിച്ച കോടതി അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകണമെന്നും നിർദേശിച്ചു. അതേസമയം മുൻകൂർ ജാമ്യം തേടി കൊണ്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ വേണ്ടി മാറ്റിവെച്ചു. ജൈവായുധ പരാമർശം നടത്തിയത് അബദ്ധത്തിലാണ്. അത് തെറ്റാണെന്ന് മനസിലായപ്പോൾ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 4.30 നാണ് കവരത്തി പോലീസ് സ്റ്റേഷനിൽ ആയിഷ സുൽത്താന ​ഹാജരാകേണ്ടത്. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി.

ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആയിഷ സുൽത്താന ഹൈക്കോടതിയിൽ വ്യക്തമാക്കി. താൻ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകാൻ തയാറാണ്. എന്നാൽ കസ്റ്റഡിയിലെടുത്ത് ചോ​ദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആയിഷ കോടതിയിൽ ബോധിപ്പിച്ചു. 124 എ വകുപ്പ് നിലനിൽക്കില്ല. ജനങ്ങളെ രാജ്യത്തിനെതിരേ തിരിച്ചിട്ടില്ലെന്നും അവർ കോടതിയിൽ പറഞ്ഞു. ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജ്യദ്രോഹ കേസിൽ സുപ്രീംകോടതിയുടെ സമീപകാല നിലപാടുകൾ പരിശോധിക്കണമെന്നും ആയിഷ സുൽത്താന കോടതിയിൽ ആവശ്യപ്പെട്ടു.

ആയിഷ സുൽത്താനയുടെ ജാമ്യാപേക്ഷയെ ലക്ഷദ്വീപ് ഭരണകൂടം ശക്തമായി എതിർത്തു. ആയിഷ നടത്തിയത് വിമർശനമല്ല, വിദ്വേഷപ്രചരണമാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്. കേന്ദ്രം ദ്വീപിൽ ജൈവായുധം ഉപയോ​ഗിച്ചു എന്ന് ആയിഷ ചാനൽ ചർച്ചക്കിടെ ആവർത്തിച്ച് പറഞ്ഞു. കലാപം ഉണ്ടായാലും ഇല്ലെങ്കിലും ആയിഷക്കെതിരായ 124 എ നിലനിൽക്കും. അന്വേഷണത്തോട് ആയിഷഷ സഹകരിക്കണമെന്നും അറസ്റ്റ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ വിവേചന അധികാരമാണെന്നും കോടതിയിൽ ദ്വാപ് ഭരണകൂടം വ്യക്തമാക്കി.രാജ്യദ്രോഹ കേസിൽ സുപ്രീംകോടതിയുടെ സമീപകാല നിലപാടുകൾ പരിശോധിക്കണമെന്ന ആയിഷയുടെ ആവശ്യം ഈ കേസിൽ ഇല്ലെന്നാണ് ഭരണകൂടം വാദിച്ചത്.

You might also like

-