അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ് മോർട്ട നടപടികൾ പുരോഗമിക്കുന്നു. വ്യജ ഏറ്റുമുട്ടലെന്ന് ആരോപണം

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് മുരുകൻ പറയുന്നു. മുന്‍ അഗളി എസ് പി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇതിനായി ചിലരെ ദൂതരാക്കിയിരുന്നു. ഇപ്പോള്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായും മുരുകന്‍ പറഞ്ഞു.

0

തൃശൂർ :അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ് മോർട്ട നടപടികൾ പുരോഗമിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മനാദണ്ഡങ്ങളനുസരിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെ രാത്രി തൃശ്ശൂരിലെത്തിച്ച മൃതദേഹങ്ങളുടെ എക്സറേ എടുത്തിരുന്നു. മൃതദേഹങ്ങൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കാർത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് മോർച്ചറി പരിസരത്ത് ഒരുക്കിയിട്ടുള്ളത്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് രണ്ട് മൃതദേഹങ്ങൾ വനത്തിനു പുറത്തെത്തിച്ചത്. തുടർന്ന് ശേഷിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ പുറത്തെത്തിച്ച് ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. AK 47 നുൾപ്പടെ ആറ് തോക്കുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മാവോയിസ്റ്റുകൾ ഇപ്പോഴും പരിസരത്ത് ഉണ്ടെന്നതിനാൽ പ്രദേശത്ത് നിന്ന് തണ്ടർബോൾട്ട് പൂർണ്ണമായും പിൻവാങ്ങിയിട്ടില്ല. കൂടുതൽ തിരച്ചിലും മറ്റു ഓപ്പറേഷനും ഉന്നതതല കൂടിയാലോചനക്ക് ശേഷം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് വെടിവെപ്പ് ഉണ്ടായതിനെ തുടർന്നാണ് ഇൻക്വസ്റ്റ് നടപടികളും മൃതദേഹം പുറത്തെത്തിക്കുന്നതും വൈകിയത്. വെടിവെപ്പ് സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വികെ ശ്രീകണ്ഠൻ എം.പി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിക്കുമെന്നും വിവരമുണ്ട്. രണ്ട് ദിവസം നീണ്ട് നിന്ന ഓപ്പറേഷനിൽ നാല് മാവോയിസ്റ്റുകളെയാണ് പൊലീസ് വധിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമോ എന്ന കാര്യത്തിലും ഇന്ന് പൊലീസ് തീരുമാനമെടുക്കും. ഏറ്റുമുട്ടൽ സംബന്ധിച്ച് മജിസ്ട്രീരിയൽ അന്വേഷണവും പ്രഖ്യാപിച്ചേക്കും.കീഴടങ്ങാന്‍ തയ്യാറായിരുന്ന മാവോയിസ്റ്റുകളെയാണ് അട്ടപ്പാടിയില്‍ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മുരുകന്റേതാണ് വെളിപ്പെടുത്തല്‍.മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് മുരുകൻ പറയുന്നു. മുന്‍ അഗളി എസ് പി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇതിനായി ചിലരെ ദൂതരാക്കിയിരുന്നു. ഇപ്പോള്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായും മുരുകന്‍ പറഞ്ഞു.

You might also like

-