വെടിയേറ്റു മരിച്ചയാളുടെ വാലറ്റില്‍ നിന്നും 500 ഡോളര്‍ കാണാതായ സംഭവം- പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു.
ജോര്‍ജിയ: ജോര്‍ജിയായില്‍ കഴിഞ്ഞ മാസമുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ് കിടന്നിരുന്നയാളുടെ പോക്കറ്റില്‍ നിന്നു 500 ഡോളര്‍ കാണാതായതിന് ഉത്തരവാദി അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിത ഓഫിസറാണെന്ന് ആരോപിച്ചു അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു.
നോര്‍ത്ത് വെസ്റ്റ് അറ്റ്‌ലാന്റായില്‍ ഒരാള്‍ വെടിയേറ്റു കിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓഫിസര്‍ റിച്ച് ബര്‍ഗ് സംഭവ സ്ഥലത്തെത്തിയത്. ഇതിനിടയില്‍ അതുവഴി കടന്നു പോയ ഒരാള്‍ ആളെ തിരിച്ചറിയുന്നതിന് വാലറ്റ് തുറന്ന് നോക്കി. അഞ്ഞൂറ് ഡോളര്‍ വാലറ്റില്‍ ഉണ്ടായിരുന്നത് അവിടെ എത്തിയ വനിതാ ഓഫിസര്‍ കീഷാ റിച്ചുബര്‍ഗിനെ ഏല്‍പ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം വെടിയേറ്റു മരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തുക അവര്‍ക്ക് ലഭിച്ചില്ലെന്ന് മനസ്സിലായത്.
തുടര്‍ന്നു നടന്ന പരിശോധനയില്‍ റിച്ചുബര്‍ഗ് വാലറ്റ് വാങ്ങുന്നതും കൈവശം സൂക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തി. റിച്ചര്‍ബര്‍ഗ് പറയുന്നത് അതില്‍ ഡോളര്‍ ഇല്ലായിരുന്നുവെന്നാണ്.
ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമം അനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ വിശ്വസ്തരായിരിക്കണമെന്നും പൊതുജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്നും ഉള്ളതിനാല്‍ ഈ സംഭവത്തില്‍ ഉത്തരവാദി എന്ന് ആരോപിക്കപ്പെട്ട വനിത പൊലീസ് ഓഫിസറെ പിരിച്ചു വിടുകയാണെന്നു അറ്റ്‌ലാന്റാ പൊലീസ് ചീഫ് എറിക്കാ ഷീല്‍ഡ് പറഞ്ഞു.