അംഗപരിമിതർക്കായി സഹായ ഉപകരണ നിർണ്ണയക്യാമ്പ് ഇടുക്കിയിൽ നാലിടങ്ങളിൽ
തൊടുപുഴ, ഇളംദേശം ബ്ലോക്കുകൾക്കായി മാർച്ച് 03 ന് മുട്ടറൈഫിൾ ക്ലബ്ബിലും പീരുമേട്, അഴുത ബ്ലോക്കുകൾക്കായി മാർച്ച് 04 ന് പീരുമേട് എസ്.എംഎസ്. ഹാളിലും, അടിമാലി, ദേവികുളം ബ്ലോക്കുകൾക്കായി മാർച്ച് 07 ന് മൂന്നാർ പഞ്ചായത്ത് ഹാളിലും ഇടുക്കി, കട്ടപ്പന, നെടുംങ്കണ്ടം ബ്ലോക്കുകൾക്കായി മാർച്ച് 08 ന് ചെറുതോണി ടൗൺ ഹാളിലും വച്ചാണ് ക്യാമ്പ്
തൊടുപുഴ | കേന്ദ്ര സർക്കാരിൻറെ എ.ഡി.ഐ.പി ക്ഷേമ പദ്ധതി (സ്ക്കീം ഫോർ അസിസ്റ്റൻസ് ടു ഡിസ്സെബിൾഡ് പേഴ്സൻസ് ഫോർ പർച്ചൈസ് ഫിറ്റിങ്ങ് സ് ഓഫ് എഡ്സ് & അപ്ലിയൻസസ്) പ്രകാരം അംഗപരിമിതർക്കായുള്ള വിവിധ സഹായ ഉപകരണ നിർണ്ണയത്തിനായി ഇടുക്കിയിൽ മാർച്ച് 03 മുതൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. തൊടുപുഴ, ഇളംദേശം ബ്ലോക്കുകൾക്കായി മാർച്ച് 03 ന് മുട്ടറൈഫിൾ ക്ലബ്ബിലും പീരുമേട്, അഴുത ബ്ലോക്കുകൾക്കായി മാർച്ച് 04 ന് പീരുമേട് എസ്.എംഎസ്. ഹാളിലും, അടിമാലി, ദേവികുളം ബ്ലോക്കുകൾക്കായി മാർച്ച് 07 ന് മൂന്നാർ പഞ്ചായത്ത് ഹാളിലും ഇടുക്കി, കട്ടപ്പന, നെടുംങ്കണ്ടം ബ്ലോക്കുകൾക്കായി മാർച്ച് 08 ന് ചെറുതോണി ടൗൺ ഹാളിലും വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഡീൻ കുര്യാക്കോസ് എം.പി കേന്ദ്രസാമൂഹ്യനീതി വകുപ്പ് മന്ത്രി ബീരേന്ദ്രകുമാറിനോട് പ്രത്യേകം അഭ്യർത്ഥിച്ചതനുസരിച്ചാണ് ഇടുക്കി ജില്ലയിലെ എല്ലാ ബ്ളോക്കുകളും കേന്ദ്രീകരിച്ച് അംഗപരിമിതരായ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് ആവശ്യമായ വിവിധ സഹായ ഉപകരണങ്ങൾ നൽകുവാൻ തീരുമാനമായത്. ഇതിനായി അംഗപരിമിതർക്കുള്ള വിവിധ സഹായ ഉപകരണങ്ങൾ നിർമ്മിക്കുന്ന അലിംകോ (ALIMCO) എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലാ സാമൂഹ്യ നീതി വകുപ്പിൻറെയും അലിംകോ കമ്പിനിയുടെ യും നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടപ്പിച്ചിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഓഫീസ് വഴിയും ബ്ലോക്ക് പഞ്ചായത്ത് വഴിയും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരും അല്ലാത്തവരുമായ അംഗ പരിമിതർ ബന്ധപ്പെട്ട ക്യാമ്പുകളിലെത്തിച്ചേരണമെന്നും എം.പി. പറഞ്ഞു.