നിയമസഭയില്‍ നടന്നത് നാടകം ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്ന് രമേശ് ചെന്നിത്തല

0

ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നിയമസഭയില്‍ നടന്നത് നാടകമാണ്. മനുഷ്യ ചങ്ങല പിടിച്ചത് നാടകമാണെന്ന് തെളിഞ്ഞു. സി.എ.എക്കെതിരായ പരാമര്‍ശം നയപ്രഖ്യാപനത്തില്‍ വായിപ്പിച്ചത് ഗവര്‍ണറുടെ കാല് പിടിച്ചാണെന്നും ചെന്നിത്തല ആരോപിച്ചു.മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. അടുത്ത ആഴ്ച ലാവ്‍ലിന്‍ കേസ് പരിഗണിക്കുമ്പോള്‍ സഹായം ഉറപ്പ് ലഭിച്ചു. എന്നാല്‍ ലാവ്‍ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. ഗവര്‍ണര്‍ നടപ്പാക്കുന്നത് മോദിയുടെയും അമിത് ഷായുടെയും നയങ്ങളാണെന്നും ചെന്നിത്തല ആരോപിച്ചു.

പൗരത്വത്തില്‍ മതപരമായ വിവേചനം പാടില്ലെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശം. ഈ സഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.
ഗവര്‍ണര്‍ ഫെഡറല്‍ സംവിധാനം തകര്‍ത്തുവെന്ന് എം.കെ മുനീര്‍ വിമര്‍ശിച്ചു. പ്രതിപക്ഷ എം.എല്‍.എമാരെ തടഞ്ഞതിനുള്ള പ്രതിഫലമായാണ് സി.എ.എക്കെതിരായ പരാമര്‍ശം വായിച്ചതെന്നും മുനീര്‍ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നതെന്നും വ്യക്തിപരമായി വിയോജിപ്പുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സി.എ.എ സംസ്ഥാനത്തിന‍്റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

You might also like

-