മെഡല്‍ വേട്ടയില്‍ ഇന്ത്യ ‘അൻപതുകടന്നു” മിക്‌സ്ഡ് റിലേയില്‍ വെള്ളി

0

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം 50 തൊട്ടു. പത്താം ദിനമായ ഇന്ന് ഒരു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ ഒന്‍പതു മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതോടെ ഒന്‍പതു സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 50 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.4×400 മീറ്റര്‍ മിക്സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീം വെള്ളി നേടി. അനസിനെ കൂടാതെ പൂവമ്മ, ഹിമാ ദാസ്, ആരോക്യ രാജീവ് എന്നിവരാണ് റിലേ ടീമിലുണ്ടായിരുന്നത്. 3:15.71 മിനിറ്റിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. 3:11.89-ല്‍ ഫിനിഷ് ചെയ്ത ബഹ്റൈനാണ് സ്വര്‍ണം.

കസാഖ്സ്താനാണ് വെങ്കലം.ഏഷ്യന്‍ ഗെയിംസിന്റെ പുരുഷവിഭാഗം 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയാണ് നേടിയത്. മന്‍ജിത് സിങ്ങാണ് (1:46.15) ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ (1:46.35) വെള്ളി നേടി. കുറാഷ് വനിതാ വിഭാഗത്തില്‍ (52 കിലോ) പിങ്കി ബല്‍ഹാരയും വെള്ളി നേടി. ഇതേ ഇനത്തില്‍ മാലപ്രഭാ യാദവ് വെങ്കലവും നേടി. ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തില്‍ പുരുഷ, വനിതാ ടീമുകളും പത്താം ദിനം ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചു.

ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സെമിയില്‍ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ പുരുഷ ടീമും ചരിത്രമെഴുതി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ടേബിള്‍ ടെന്നിസ് മെഡലാണിത്

You might also like

-