രാജസ്ഥാനിൽ മഞ്ഞുരുകി അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി
ഇന്നലെ രാവിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചർച്ചയിൽ അശോക് ഗെഹ്‍ലോട്ടിനെ മുഖ്യമന്ത്രിയാക്കാമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാൽ സച്ചിൻ പൈലറ്റും അനുകൂലിക്കുന്ന എം.എല്‍.എമാരും അതൃപ്തി അറിയിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ഡൽഹി : മുന്ന് ദിവസമായി തുടരുന്ന മാരത്തോൺ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ അശോക് ഗെഹ്‍ലോട്ടിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. ഉടന്‍ ഗവർണറെ കണ്ട ശേഷം സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
ഇന്നലെ രാവിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചർച്ചയിൽ അശോക് ഗെഹ്‍ലോട്ടിനെ മുഖ്യമന്ത്രിയാക്കാമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാൽ സച്ചിൻ പൈലറ്റും അനുകൂലിക്കുന്ന എം.എല്‍.എമാരും അതൃപ്തി അറിയിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതേതുടര്‍ന്ന് രാഹുൽ ഗാന്ധി ഇരുവരെയും വീട്ടിലേക്ക് വിളിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ട് നേതാക്കളും തീരുമാനം അംഗീകരിച്ചു. ഉപമുഖ്യമുന്ത്രിയാക്കുന്നതിനൊപ്പം പി.സി.സി പ്രസിഡന്റ് സ്ഥാനത്തും സച്ചിന്‍ തുടരും.