ആഡംബരകപ്പലിലെ ലഹരിപാർട്ടി: ആര്യൻ ഖാന് ജാമ്യം
ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടിയതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും വിതരണക്കാരുമായി ബന്ധമുണ്ടെന്നും എൻസിബി കോടതിയിൽ വാദിച്ചിരുന്നു.
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ഉപാധികളോടെ ജാമ്യം. അറസ്റ്റിലായി 27-ാം ദിവസമാണ് ആര്യന് ജാമ്യം ലഭിക്കുന്നത്. ആര്യനു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് കോടതിയിൽ ഹാജരായത്. ഇന്നോ നാളെയോ ആര്യൻ ഖാൻ പുറത്തിറങ്ങുമെന്ന് കോടതി നടപടികൾക്ക് ശേഷം ആര്യന്റെ അഭിഭാഷകൻ പ്രതികരിച്ചു.
ആര്യന് പുറമെ സുഹൃത്ത് അർബ്ബാസ് മർച്ചന്റ് ഉൾപ്പെടെയുള്ള കൂട്ട് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യവുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് കോടതി നാളെ പുറത്തിറക്കും. എൻസിബി തന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യൻ ഖാൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ യാതൊരു തെളിവുമില്ലെന്നാണ് കോടതിയിൽ വാദിച്ചത്.
ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടിയതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും വിതരണക്കാരുമായി ബന്ധമുണ്ടെന്നും എൻസിബി കോടതിയിൽ വാദിച്ചിരുന്നു.
ഒക്ടോബർ രണ്ടിന് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.