ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റ് വെള്ളിയാഴ്ച കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്‍റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു.

0

തിരുവനന്തപുരം | ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്‍റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താല്‍ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ഇന്നും നാളെയും പ്രകടനങ്ങള്‍ നടത്താനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചിൽ നടത്തുന്നത്.പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതി‍ര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഒഎംഎ സലാം ദേശീയ പ്രസിഡൻറ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡൻറ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൽ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന തമിഴ്നാട്സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടി

പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മ‍‌‌ഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബിഹാർ, കേരളം, ആന്ധ്രാ പ്രദേശ്, ഡൽഹി, ഉത്തർ പ്രദേശ്, കർണ്ണാടക, തെലങ്കാന എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.

You might also like

-