അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധനം

കുനാല്‍ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി എയര്‍ഇന്ത്യയും ഇന്‍ഡിയോ എയര്‍ലൈന്‍സും

0

റിപബ്ലിക്ക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് പരിഹസിച്ച കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി എയര്‍ഇന്ത്യയും ഇന്‍ഡിയോ എയര്‍ലൈന്‍സും. അര്‍ണബിന്റെ റിപബ്ലിക്ക് ടി.വിയിലെ അവതരണ ശൈലിയെ പരിഹസിച്ച് അതെ രീതിയില്‍ തിരിച്ച് കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാണ് കെമേഡിയന്‍ കുനാല്‍ കമ്ര അര്‍ണബ് ഗോസ്വാമിയെ ഇന്‍ഡിഗോ വിമാനത്തിനകത്ത് നേരിട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് കുനാലിന് ഇന്‍ഡിഗോ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതേത്തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികളും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ഇന്ത്യയും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഇൻഡിഗോ ആറു മാസത്തേക്കാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ എയര്‍ഇന്ത്യ അനിശ്ചിത കാലത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കുനാലിന്റെ വിമാനത്തിനുള്ളിലെ പെരുമാറ്റം സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിനുള്ളില്‍ ഇത്തരം പെരുമാറ്റം നിരുത്സാഹപ്പെടുത്തുന്നതിനായി കുനാൽ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയാണെന്നും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ സസ്‌പെൻഷന്‍ നിലനില്‍ക്കുമെന്നും എയര്‍ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാറാണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

You might also like

-