ആത്മഹത്യപ്രേരണ കേസിൽ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന അര്‍ണബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഹര്‍ജി വിധിപറയാന്‍ മാറ്റി
മുംബൈ ;ഇന്റീരിയൽ ഡിസൈനരുടെ ആത്മഹത്യക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അത്യാവശ്യമെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് ബോംബെ ഹൈകോടതി അറിയിച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന അര്‍ണബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഹര്‍ജി വിധിപറയാന്‍ മാറ്റി.കോടതിയുടെ ദീപാവലി അവധി ആരംഭിച്ചെങ്കിലും കേസ് പരിഗണിക്കാന്‍ വേണ്ടിയാണ് പ്രത്യേക സിറ്റിങ് നടത്തിയത്.
അതേസമയം കസ്റ്റഡി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പൊലീസ് നല്‍കിയ പുനപരിശോധനാ ഹര്‍ജി അലിബാഗ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇതിന് ശേഷമാകും അര്‍ണബ് സെഷന്‍സ് കോടതിയില്‍ പോകുക. നിലവില്‍ അലിബാഗിലെ പ്രത്യേക ജയിലിലാണ് അര്‍ണബ്.കോൺകോർഡ് ഡിസെെൻ പ്രെെവറ്റ് ലിമിറ്റഡ് എം.ഡി അൻവയ് നായിക്കും അമ്മയും 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലാവുന്നത്. അർണബുമായുള്ള ഇടപാടിൽ അഞ്ചര കോടിയുടെ രൂപയുടെ ബാധ്യതയാണ് അൻവയ് നായിക്കിനുണ്ടായത്. ഇദ്ദേഹത്തിന്റെ ആത്മഹത്യ പ്രേരണ കുറ്റത്തിലാണ് അർണബ് ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മുംബെെയിൽ നിന്ന് അറസ്റ്റ് ചെയ്ത അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.