കരസേന മേധാവി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും ,യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സത്യവാങ്മൂലം യെച്ചൂരി സുപ്രിം കോടതിയില്‍ സമർപ്പിക്കും
ജമ്മുകശ്മീരിലെ സുരക്ഷ വിലയിരുത്താനായാണ് കരസേന മേധാവി ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനം.
ശ്രീനഗർ :. സുരക്ഷ വിലയിരുത്താനായി കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും.ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. ജമ്മുകശ്മീരിലെ സുരക്ഷ വിലയിരുത്താനായാണ് കരസേന മേധാവി ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനം. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്കില്‍ സന്ദര്‍ശനം നടത്തുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് തീരത്ത് പാകിസ്താന്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തില്‍ ജമ്മുകശ്മീര്‍ അടക്കമുള്ളിടങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ സി.പി.എം സിസി അംഗം യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ജമ്മുകശ്മീരിലെത്തിയ സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച സത്യവാങ്മൂലം യെച്ചൂരി മടങ്ങിയെത്തിയ ശേഷം സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. മുന്‍പ് രണ്ട് തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ യെച്ചൂരിയെ ജമ്മുകശ്മീര്‍ പൊലീസ് തിരിച്ചയച്ചിരുന്നു. ഒടുവില്‍ സുപ്രിം കോടതി വിധിയിലൂടെയാണ് യെച്ചൂരിക്ക് തരിഗാമിയ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്