പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു ആരിഫ് മുഹമ്മദ് ഖാൻ
'ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും
ഡൽഹി | കർണാടകയിലെ ഹിജാബ് വിവാദങ്ങളിൽ പ്രതികരിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായാണ് ഗവർണറുടെ പ്രതികരണം. ‘ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു.മുസ്ലിം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
കര്‍ണാടകയിലെ സർക്കാർ സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിന്
ബി ജെ പി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർത്ഥിനികളും സംഘടനകളും കോടതിയെ സമീപിച്ചു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാർത്ഥികൾ ധരിക്കരുതെന്നും കോടതി നിർദേശം. സമാധാനം തകർക്കുന്ന ഒരു തരം നീക്കങ്ങളും പാടില്ല. സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നാണ് കോടതി നിരീക്ഷിച്ചത്. ഹർജികൾ പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റുകയും ചെയ്തു