മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധക്ഷ്യൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അന്തരിച്ചു
രണ്ട് വർഷത്തിലേറെയായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
പത്തനംതിട്ട :മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധക്ഷ്യൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അന്തരിച്ചു. 74 വയസായിരുന്നു. പത്തനംതിട്ട പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിൽ ഇന്നു പുലർച്ചെ 2.35നായിരുന്നു അന്ത്യം. രണ്ട് വർഷത്തിലേറെയായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
പൗരസ്ത്യ കാത്തോലിക്ക ബാവയും മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ മെത്രാപ്പോലീത്തയുമായിരുന്നു അദ്ദേഹം. തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തിൽ കൊള്ളന്നൂർ ഐപ്പിന്റെയും പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് 30നാണ് ജനനം. പഴഞ്ഞി ഗവ. ഹൈസ്‌കൂളിൽനിന്ന് എസ്എസ്എൽസി പാസായി. തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദവും കോട്ടയം സിഎംഎസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇതിനിടയിൽ കോട്ടയത്തെ ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കി. 1972 മേയ് 31ന് ശെമ്മാശപട്ടവും ജൂൺ രണ്ടിന് വൈദികപട്ടവും സ്വീകരിച്ചു.
1982ൽ റമ്പാനാകുകയും 1985ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുകയും ചെയ്തു. ശേഷം പുതുതായി രൂപീകരിക്കപ്പെട്ട കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായി സ്ഥാനമേറ്റു. പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പരുമല സെമിനാരി ചാപ്പലിൽ 2010 നവംബർ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കയായി വാഴിക്കപ്പെട്ടു. ഇന്നു രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തിൽ കുർബാനയ്ക്കുശേഷം പ്രത്യേകം തയാറാക്കിയ പന്തലിൽ ഭൗതികശരീരം പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് വൈകീട്ടു മൂന്നിന് കബറടക്ക ശുശ്രൂഷ നടക്കും.