അറക്കൽ ബീവി അന്തരിച്ചു
സംസ്കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
അറക്കൽ രാജ കുടുംബത്തിന്റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം.സംസ്കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച മർഹൂം എ പി എം ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്.
അറക്കല്‍ ഭരണാധികാരി അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്. കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് അറക്കല്‍. ആദ്യകാലം മുതല്‍ക്കേ അറക്കല്‍ രാജവംശത്തിന്റെ അധികാരക്കൈമാറ്റം നടക്കുന്നത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്.