കണ്ണൂര്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ സുധാകരന്‍ മൂന്നു തവണ ശ്രമിച്ചു :എ.പി അബ്ദുള്ളക്കുട്ടി

2016- ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റില്‍ നിന്ന് മാറി തലശേരിയില്‍ സ്ഥാനാര്‍ഥിയാകേണ്ടി വന്നത് സുധാകരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്. ആ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കേണ്ടി വന്ന ഏക സിറ്റിങ് എംഎല്‍എ താനായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

0

കണ്ണൂര്‍: മോദിയെ പ്രശംസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ കെ. സുധാകരനെതിരെ തുറന്നടിച്ച് എം.പി അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ സുധാകരന്‍ മൂന്നു തവണ ശ്രമിച്ചെന്ന ആരോപണമാണ് അബ്ദുള്ളക്കുട്ടി ഉന്നയിക്കുന്നത്. സീറ്റ് മോഹിച്ചല്ല സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ എത്തിയതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

2009-ല്‍ സുധാകരന്‍ രാജിവച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡ് തന്നെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. 2011-ല്‍ സീറ്റ് സുരേന്ദ്രനു വിട്ടുകൊടുക്കണമെന്നും പകരം പയ്യന്നൂരോ, തളിപ്പറമ്പിലോ മല്‍സരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ സിറ്റിംഗ് എം.എല്‍.എമാരെയും മതിസരിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ അത്തവണയും സീറ്റ് ലഭിച്ചു. 2016- ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റില്‍ നിന്ന് മാറി തലശേരിയില്‍ സ്ഥാനാര്‍ഥിയാകേണ്ടി വന്നത് സുധാകരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്. ആ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിക്കേണ്ടി വന്ന ഏക സിറ്റിങ് എംഎല്‍എ താനായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മൂന്ന് എം.പിമാരും 8 എം.എല്‍.എമാരും സി.പി.എമ്മിനുണ്ടായിരുന്ന കാലത്താണ് കോണ്‍ഗ്രസില്‍ എത്തിയത്. തന്നെ അധികാര മോഹിയെന്നു വിളിക്കുന്നവര്‍ ഈ ചരിത്രം കൂടി മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.മോദിയെ പുകഴ്ത്തിയതിന് കെപിസിസി പ്രസിഡന്റ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ഇത്തരം നോട്ടീസ് അയയ്ക്കാന്‍ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കു മാത്രമേ കഴിയൂ. ഇപ്പോഴത്തേത് സമവായ കമ്മിറ്റിയാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി

You might also like

-