ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ,സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ്
റാനിൽ നടത്തിയ ആക്രമണത്തിൽ 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 30ലേറെ ആയുധങ്ങൾ പ്രയോഗിച്ചതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം ഉണ്ടാകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്
ടെൽ അവീവ് | ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ നിലപാട് അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി.ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യോഗത്തിൽ ഇറാൻ ചൂണ്ടിക്കാട്ടി. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയർത്തിയായിരുന്നു ഇറാൻ അംബാസഡറുടെ പ്രസംഗം.
എന്നാൽ സമാധനം വിദൂരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.ഇറാൻ ഇരവാദം ഉയർത്തരുതെന്നും ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേൽ നിലപാടെടുത്തു.സ്വയരക്ഷക്കുവേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് ഇസ്രയേൽ വാദം.ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതിൽ മാപ്പുപറയില്ലെന്ന് ഇസ്രയേൽ അംബാസഡർ ഡാനി ഡനോൺ പറഞ്ഞു
ഇറാൻ-ഇസ്രയേൽ സംഘർഷം ഒൻപതാം ദിവസത്തിലേയ്ക്ക് കടക്കവെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 30ലേറെ ആയുധങ്ങൾ പ്രയോഗിച്ചതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം ഉണ്ടാകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നജഫബാദ് നഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഇറാനിലെ ക്വോമിൽ ആൾത്താമസമുള്ള കെട്ടിടത്തിൽ ഇസ്രയേലിൻ്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൻ്റെ 17-ാം തരംഗമാണ് ഏറ്റവും ഒടുവിൽ നടന്നതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇസ്രയേലിലെ പ്രധാനനഗരങ്ങളായ ഹൈഫ, ടെൽഅവീവ്, ബീർഷേബ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ആക്രമണങ്ങളിൽ 17ഓളം പേർക്ക് പരിക്ക് പറ്റിയതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്.
ഇറാൻ അഞ്ച് മിസൈലുകൾ തൊടുത്തതായും എന്നാൽ ഒരെണ്ണം പോലും മധ്യ ഇസ്രയേലിൽ പതിച്ചതായി റിപ്പോർട്ട് ഇല്ലെന്നാണ് ഇസ്രയേൽ ഔദ്യോഗിക മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഇസ്രയേലിൽ ഇറാൻ സാൽവോ മിസൈലുകൾ ആക്രമണത്തിന് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ടെൽ അവീവിലെ ഹോലോണിൽ ഇറാൻ ആക്രമണത്തിൽ ഒരു കെട്ടിടത്തിന് തീപിടിച്ചതായി റിപ്പോർട്ടുണ്ട്. ഈ കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതാണോ അതോ മിസൈൽ അവശിഷ്ടം അപകടമുണ്ടാക്കിയതാണോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്ക് പറ്റിയതായി റിപ്പോർട്ട് ഇല്ലെന്നാണ് ഇസ്രയേലിൻ്റെ അടിയന്തര സേവന വിഭാഗം പറയുന്നത്. മധ്യ ഇസ്രയേലിലെ ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് തീപിടിച്ചതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അടിന്തര സേവന വിഭാഗം പറയുന്നത്.
ഇതിനിടെ ഇറാൻ്റെ ആണവ പദ്ധതികൾ സമാധാനപരമായാണെന്നും ഇസ്രയേൽ ആക്രമണം നിർത്താതെ ആണവ ചർച്ചയ്ക്കില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ്റെ നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം ആണവ-രാസ മലിനീകരണത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ നതാൻസ് ആണവ നിലയത്തിന് പുറത്ത് ആണവവികിരണത്തിൻ്റെ സൂചനകളൊന്നുമില്ലെന്നും ഏജൻസി വ്യക്തമാക്കി. ഇറാൻ അണുവായുധം ഉണ്ടാക്കുന്നതിന് തെളിവില്ലെന്ന അമേരിക്കൻ ദേശീയ ഇൻ്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡിൻ്റെ പ്രസ്താവന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തള്ളിയിട്ടുണ്ട്.