സ്ത്രീവിരുദ്ധ പരാമര്‍ശം:എം. പി അസംഖാന്‍ പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞു
പരാമര്‍ശം വിവാദമായതോടെ അസംഖാനെതിരെ ലോക്സഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം മാപ്പ് പറയാന്‍ അസംഖാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി എം. പി അസംഖാന്‍ പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞു. ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞ് ഭരണപക്ഷം ബഹളം വെച്ചതോടെ അസംഖാന്‍ മാപ്പ് ആവര്‍ത്തിച്ചു. ബി.ജെ.പി എം.പി രമാദേവി സഭ നിയന്തിക്കുന്നതിനിടെ ആയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സമാജ്‍വാദി പാര്‍ട്ടി എം.പി അസംഖാന്‍റെ ഈ പരാമര്‍ശം.
അന്നുതന്നെ സഭയില്‍ ഇത് വലിയ ബഹളത്തിന് വഴിവച്ചിരുന്നു. പുറത്തും പ്രതിഷേധമുയര്‍ന്നു. മോശം പരാമര്‍ശത്തില്‍ അസംഖാന്‍ ഇന്ന് സഭില്‍ ക്ഷമ ചോദിച്ചത് ആരും കേട്ടില്ലെന്ന് പറഞ്ഞാണ് ഭരണപക്ഷം സഭയില്‍ ബഹളം വെച്ചത്. ഇതേ തുടര്‍ന്ന് അസംഖാന്‍ വീണ്ടും ക്ഷമ ചോദിക്കുകയായിരുന്നു.
അസംഖാന്‍ സ്ഥിരം കുറ്റവാളിയാണെന്ന് രമാദേവി പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ അസംഖാനെതിരെ ലോക്സഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം മാപ്പ് പറയാന്‍ അസംഖാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ നടപടി.