ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; ആന്തൂർ നഗരസഭ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയേക്കും

നഗരസഭയിലും നഗരാസൂത്രണ വിഭാഗത്തിലും ഉള്ള രേഖകളും വിശദമായി പരിശോധിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

0

അന്തുർ :പ്രവാസി വ്യവസായി സാജന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ആന്തൂർനഗരസഭ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. സസ്‌പെൻഷനിലായ ആന്തൂർ നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, അസി. എഞ്ചിനീയർ കെ കലേഷ്, ഓവർസിയർമാരായ അഗസ്റ്റിൻ, ബി. സുധീർ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. സാജന്റ ബന്ധുക്കളുടെയും ജീവനക്കാരുടെയും മൊഴികൾ പ്രത്യേക അന്വേഷണ സംഘം നേരത്തെ എടുത്തിരുന്നു. നഗരസഭയിലും നഗരാസൂത്രണ വിഭാഗത്തിലും ഉള്ള രേഖകളും വിശദമായി പരിശോധിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.

അതേ സമയം ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുകയാണ്.ലൈസൻസ് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന നഗരസഭ സെക്രട്ടറി ഗിരീഷിന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയുടെ മൊഴിയും രേഖപ്പെടുത്താനുണ്ട്. പി.കെ ശ്യാമള രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് വനിതാ സംഘടനകൾ ആന്തൂർ നഗരസഭാ ഓഫീസിനു മുന്നിൽ ഇന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. നാളെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. ഡി.സിസി അധ്യക്ഷന്റെ നേതൃത്വത്തിൽ അടുത്ത ദിവസം ആന്തൂരിൽ പദയാത്ര നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

You might also like

-