ആലപ്പുഴ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

വിദ്യാർത്ഥികൾക്ക് വാഹനം നൽകിയത് റെന്റിനു ആണെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും കണ്ടെത്തി. ഗൗരി ശങ്കർ എന്ന വിദ്യാർത്ഥി വാഹന ഉടമ ഷാമിൽ ഖാന് 1000 രൂപ ഗൂഗിൾ പേ വഴി നൽകിയതിന്റെ തെളിവുകൾ പൊലീസ് ശേഖരിച്ചു.

ആലപ്പുഴ| ആലപ്പുഴ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു. എംബിബിഎസ് ഒന്നാംവർഷ വിദ്യാർത്ഥി ആലപ്പുഴ എടത്വ സ്വദേശി ആൽബിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ആറ് ആയി.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആൽബിനെ വിദഗ്ദ ചികിത്സയ്ക്കായി ഇന്നലെ രാവിലെയാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ സ്ഥിതി മോശമായി തുടരുകയായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെ മരണം സ്ഥിരീകരിച്ചു. ആലപ്പുഴ എടത്വ സ്വദേശിയാണ് ആൽബിൻ ജോർജ്. അപകടവിവരം അറിഞ്ഞ് വിദേശത്തായിരുന്ന പിതാവ് കൊച്ചുമോൻ ജോർജ് ഇന്നലെ നാട്ടിൽ എത്തിയിരുന്നു. ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില തൃപ്തികരമായി തുടരുകയാണ്.
അതേസമയം, വിദ്യാർത്ഥികൾക്ക് വാഹനം നൽകിയത് റെന്റിനു ആണെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും കണ്ടെത്തി. ഗൗരി ശങ്കർ എന്ന വിദ്യാർത്ഥി വാഹന ഉടമ ഷാമിൽ ഖാന് 1000 രൂപ ഗൂഗിൾ പേ വഴി നൽകിയതിന്റെ തെളിവുകൾ പൊലീസ് ശേഖരിച്ചു. ലൈസൻസ് ഇല്ലാതെ റെന്റിന് വാഹനം നൽകിയതിനെതിരെ നടപടി ഉണ്ടാകുമെന്ന് ആലപ്പുഴ എസ്പിയും പ്രതികരിച്ചു. വാഹനം ഓടിച്ച ഗൗരീശങ്കറിനെ പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. അതേസമയം ആലപ്പുഴയിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അപകടമരണം കെ സി വേണുഗോപാല്‍ എംപി ലോക് സഭയില്‍ ഉന്നയിച്ചു. ബ്ലാക്ക് സ്പോട്ടുകളിലെ അപകട സാധ്യത കുറയ്ക്കാന്‍ നാല്‍പതിനായിരം കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും, ആലപ്പുഴയില്‍ അപകടം നടന്ന ദേശീയപാതയിലടക്കം പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മറുപടി നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. കാറിൽ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്

You might also like

-