മൂന്നാറിൽ സി എസ് ഐ പുരോഹിതരുടെ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു; രണ്ടു പേർ ഗുരുതരാവസ്ഥയിൽ പരാതിക്കാർക്കെതിരെ ഭീക്ഷണിമുഴക്കി സി എസ് ഐ സഭാ
സി എസ് ഐ ആനാക്കോട് വെസ്റ്റ് മൗണ്ട് ചർച്ചിലെ സഭാ ശുശ്രൂഷകൻ ഇവാ: വൈ. ദേവപ്രസാദ് ആണ് മരിച്ചത്.
തിരുവനന്തപുരം/മൂന്നാർ : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു മൂന്നാറിൽ സി എസ് ഐ പുരോഹിതർക്കായി നടത്തിയ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിതനായി മരിച്ചു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്തതിന് ശേഷം കോവിഡ് ബാധിതരായി മരിച്ച വൈദികരുടെ എണ്ണം നാലായി.സി എസ് ഐ ആനാക്കോട് വെസ്റ്റ് മൗണ്ട് ചർച്ചിലെ സഭാ ശുശ്രൂഷകൻ ഇവാ: വൈ. ദേവപ്രസാദ് ആണ് മരിച്ചത്. 59 വയസ് ആയിരുന്നു. സി എസ് ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് അംഗമാണ് മരിച്ച ദേവപ്രസാദ്.മൂന്നാറിലെ സി എസ് ഐ ധ്യാനത്തിൽ പങ്കെടുത്ത നാലു വൈദികരാണ് ഇതുവരെ കോവിഡ് ബാധിച്ചത്. രണ്ടു പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. കഴിഞ്ഞദിവസം, അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാർ ആണ് മരിച്ചത്. നേരത്തെ, കോവിഡ് ബാധിച്ച് ഫാ. ബിജുമോൻ (52), ഫാ. ഷൈൻ ബി രാജ് (43) എന്നിവരും മരിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം നടത്തിയതിനെതിരെ പൊലിസ് കേസെടുത്തിരുന്നു. കോവിഡ് ബാധിച്ചു കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് ബിനോകുമാർ മരണപ്പെട്ടത്.
കോവിഡ് കാലത്ത് സിഎസ്ഐ സഭ മൂന്നാറിൽ നടത്തിയ ധ്യാനം വിവാദത്തിലായിരുന്നു. ധ്യാനത്തിൽ പങ്കെടുത്ത ബിഷപ്പ് അടക്കം 100ൽ അധികം വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരിൽ ദക്ഷിണ കേരള ഇടവക ബിഷപ്പും സിഎസ്ഐ മോഡറേറ്ററുമായ റവ. എ ധർമരാജ് റസാലവും ഉൾപ്പെടുന്നു. അദ്ദേഹം വീട്ടിൽ ക്വറന്റീനിലാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ധ്യാനം നടത്തിയതെന്നാണ് സഭാംഗങ്ങളുടെ തന്നെ ആക്ഷേപം.
ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു മൂന്നാർ സിഎസ്ഐ പള്ളിയിൽ വൈദികരുടെ ധ്യാനം. ബിഷപ്പ് ധർമരാജ് റസാലം നേതൃത്വം നൽകിയ ധ്യാനത്തിൽ 350ഓളം വൈദികർ പങ്കെടുത്തു. കോവിഡ് പരിഗണിച്ച് ധ്യാനം മാറ്റിവെക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്തവർക്ക് എതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും സഭയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറിൽ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികർക്ക് ശരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടർന്ന് നാട്ടിലെത്തിയിട്ടും അസ്വസ്ഥതകൾ വിട്ടുമാറാതിരുന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വട്ടപ്പാറ്റയ്ക്ക് സമീപമുള്ള കഴുക്കോട് സിഎസ്ഐ ചർച്ചിലെ വൈദികനാണ് ബിജുമോൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജുമോൻ മരിച്ചത്. തിരുമല പുന്നക്കാമുഗൾ സിഎസ്ഐ ചർച്ചിലെ വൈദികനായ ഷൈൻ ബി രാജ് ചൊവ്വാഴ്ച മരിച്ചു. കോവിഡ് ബാധിച്ച വൈദികർ കാരക്കോണം ഡോ. സോമർവെൽ സിഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ ക്വറന്റീനിലാണ്.
ധ്യാനത്തിന് ശേഷം വൈദികർ പള്ളികളിലെത്തി ആരാധനകളിൽ പങ്കെടുത്തതിനാൽ വിശ്വാസികളും ആശങ്കയിലാണ്. 322 വൈദികരുടെ ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും 24 വൈദികർക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും സിഎസ്ഐ സഭ വിശദീകരിച്ചു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രിൽ 12 മുതൽ ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടം വ്യക്തമാക്കി. പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന ഉത്തരവ് നിലനിൽക്കുന്നതിനിടെയായിരുന്നു ധ്യാനം. അതേസമയം ഇതുസംബന്ധിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്നും സർക്കാരിൽ നിന്നും അനുമതി ഉണ്ടായിരുന്നുവെന്നുമാണ് സഭാ നേതൃത്വം പറയുന്നത്. ചില വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നത് ശരിയാണ്. എന്നാൽ ഇത് ധ്യാനത്തിൽ നിന്ന് ലഭിച്ചതല്ല. മറ്റ് അസുഖങ്ങളുള്ളതിനാലാണ് രണ്ട് വൈദികർ മരണപ്പെട്ടത്. സിഎസ്ഐ സഭയെ അപകീർത്തിപ്പെടുത്താനുള്ള ചില തൽപര കക്ഷികളുടെ നീക്കമാണ് ആരോപണത്തിന് പിന്നിലെന്നും സഭാ നേതൃത്വം പറയുന്നു.
അതേസമയം മൂന്നാറിലെ സിഎസ്ഐ സഭയുടെ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികൾക്കെതിരെ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയുടെ ഭീഷണി. തന്നെ വധിക്കുമെന്ന് സെക്രട്ടറി ടിടി പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ നിഷാന്ത് ജി രാജ് പറഞ്ഞു. ഭീഷണിയെ ന്യായീകരിച്ച ടിടി പ്രവീൺ രംഗത്തെത്തി. ആക്ഷേപം ഇനിയും സഹിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാദ വൈദിക സംഗമ വിഷയത്തിൽ സംസ്ഥാന സർക്കാർ സിഎസ്ഐ സഭയെ കൈവിടില്ലെന്നും ടി ടി പ്രവീൺ പറഞ്ഞു.കൊവിഡ് കാലത്തെ വൈദികസംഗമം രോഗവ്യാപനത്തിനിടയാക്കുന്നെന്ന പരാതി നൽകിയത് നിഷാന്തും സഹപ്രവർത്തകരുമാണ്. പരാതിക്കാരന് കഴിഞ്ഞ ദിവസം വന്ന ഫോൺ കോളിലാണ് വധ ഭീഷണിയുണ്ടായത്.