അനില്‍ ആന്‍റണി ബിജെപി ദേശീയ സെക്രട്ടറി,എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും

ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു

0

ഡൽഹി | കോണ്‍ഗ്രസ് വിട്ട് ബിജെപിയിെലത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപി ദേശീയ സെക്രട്ടറിയാകും. കേരളത്തില്‍ നിന്നുള്ള എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പുതിയ സംഘടനാ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.

ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ആറിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.

അടുത്തിടെ കൊച്ചിയില്‍ ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്‍റണിയും വേദിപങ്കിട്ടിരുന്നു.അനില്‍ ആന്‍റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാര്‍ട്ടിക്കും എ കെ ആന്‍റണിക്ക് നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ആന്‍റണിയുടെ മകന്‍ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാര്‍ട്ടിയില്‍ ഇല്ല. അതിനാല്‍ തന്നെ മറ്റുനേതാക്കളോ പ്രവര്‍ത്തകരോ മറുകണ്ടം ചാടില്ലെന്നും അനിലിന്‍റെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആന്‍റണിയുടെ വൈകാരികമായ പ്രതികരണം കാര്യങ്ങള്‍ അനുകൂലമാക്കിയെന്നുമാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

You might also like

-