ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം പടരുന്നു.ഒരാൾ മരിച്ചു

ഇതുവരെ 292 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 140 പേർ രോഗമുക്തി നേടി

0

അമരാവതി : ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാൾ മരിച്ചു. ഇതുവരെ 292 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 140 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മറ്റുളളവരുടെ നില തൃപ്തികരമാണെന്ന് പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികൾ അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരിച്ചത്.

കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരു മേഖലയിൽ ആളുകൾക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. മലിനമായ കുടിവെള്ളം ഉപയോഗിച്ചതാണ് തളർച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ജലത്തിന്റെ പരിശോധനയിൽ നിന്ന് ഇതല്ല കാരണമെന്ന് വ്യക്തമായതായി ആരോഗ്യവകുപ്പ് മന്ത്രിയും ഏലൂരുവിന്റെ നിയമസഭാ പ്രതിനിധിയുമായ ഉപ മുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ് പറഞ്ഞു.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ ഭൂരിഭാഗം പേരും വളരെ വേഗം തന്നെ രോഗമുക്തരാകുന്നുണ്ട്. എന്നാൽ ഏഴുപേരെ വിദഗ്ധ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടർമാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുൻകരുതലെന്നോണം വീടുകൾ തോറും സർവേ നടത്തിയിട്ടുണ്ട്.സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ കമ്മിഷണർ കതമനേനി ഭാസ്കർ എല്ലൂരുവില്‍ എത്തി. നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവർണർ ബിശ്വഭൂഷൺ ഹരിശ്ചന്ദ്രൻ അസുഖബാധിതർക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന് ആരോഗ്യഅധികൃതർക്ക് നിർദേശം നൽകി.

തിങ്കളാഴ്ച മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി എല്ലൂരു സന്ദര്‍ശിക്കും. ആശുപത്രിയിൽ കഴിയുന്ന രോഗികളെ സന്ദർശിച്ച ശേഷം പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ ജില്ലാ ഭരണകൂടുവുമായി അവലോകനയോഗം നടത്തും. ജലമലിനീകരണമാണോ രോഗബാധയ്ക്ക് കാരണമെന്ന് അറിയുന്നതിനായി പരിശോധനകൾ നടത്തുന്നതായി ഉപ മുഖ്യമന്ത്രി എകെകെ ശ്രീനിവാസ് അറിയിച്ചു.ഞായറാഴ്ച ആശുപത്രിയിൽ സന്ദർശനം നടത്തിയ ഉപമുഖ്യമന്ത്രി നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.’ ഭൂരിഭാഗം പേരും രോഗമുക്തി നേടിക്കഴിഞ്ഞു. മറ്റുളളവരുടെ നില തൃപ്തികരമാണ്. അടിയന്തര സാഹചര്യം മുന്നിൽ കണ്ട് വിജയവാഡ ആശുപത്രിയിൽ അമ്പതോളം കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്. ഞങ്ങളുടെ മെഡിക്കൽ സംഘം എല്ലാ രോഗികളേയും കൃത്യമായി പരിചരിക്കുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു.

രോഗികളെ ചികിത്സിക്കുന്നിനായി എയിംസിൽ നിന്നുളള അഞ്ചംഗ ഡോക്ടർമാരുടെ സംഘം എല്ലൂരുവിലെത്തുമെന്ന് ബി.ജെ.പി. എം.പി. ജിവിഎൽ നരസിംഹ റാവു ചീഫ് സെക്രട്ടറി നിലം സാവ്ഹ്നേയെ അറിയിച്ചിട്ടുണ്ട്.വിഷാംശമുളള ഏതെങ്കിലും ജൈവവസ്തുക്കളായിരിക്കാം രോഗത്തിന് കാരണമായതെന്ന് വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം എംപി പ്രതികരിച്ചു. ടിഡിപി ജനറൽ സെക്രട്ടറി നര ലോകേഷും ആശുപത്രിയിൽ സന്ദർശനം നടത്തി. എന്നാൽ രോഗബാധയുടെ കാരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരണം നൽകിയിട്ടില്ല. കൾച്ചറൽ പരിശോധനാ ഫലം, ഇകോളി പരിശോധനാഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ജോയിന്റ് കളക്ടർ ഹിമാൻഷു ശുക്ല പറഞ്ഞു.വീടുകൾ തോറും സന്ദർശിച്ച് ആരോഗ്യവകുപ്പ് സർവേ എടുക്കുന്നുണ്ട്. ഏലൂരു മേഖലയിലേക്ക് പ്രത്യേക വൈദ്യ സംഘത്തെ അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഇന്ന് ഏലൂരു മേഖലയിലെത്തി രോഗികളെ കാണും.

You might also like

-