പോസ്റ്റൽ വോട്ട് അട്ടിമറിയിൽ ഇന്‍റലിജൻസ് സംഘം അന്വേഷണം തുടങ്ങി.
എല്ലാ റെയ്ഞ്ച് എസ്‍പിമാരോടും ജില്ലാതല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഇന്‍റലിജൻസ് മേധാവി നിർദ്ദേശം നൽകി.
തിരുവനന്തപുരം: പോസ്റ്റൽ വോട്ട് അട്ടിമറിയിൽ ഇന്‍റലിജൻസ് സംഘം അന്വേഷണം തുടങ്ങി. എല്ലാ റെയ്ഞ്ച് എസ്‍പിമാരോടും ജില്ലാതല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഇന്‍റലിജൻസ് മേധാവി നിർദ്ദേശം നൽകി. പോസ്റ്റൽ ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചയും പരിശോധിക്കും.
ഇതോടെ സംസ്ഥാനവ്യാപകമായി പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകൾ എങ്ങനെ ശേഖരിക്കപ്പെട്ടു എന്നതിൽ ഒരു പരിശോധനയുണ്ടാകുമെന്ന് വ്യക്തമായി. പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നെന്ന വാർത്ത ഗൗരവതരമാണെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇന്നലെ ഡിജിപി ലോക്‍നാഥ് ബെഹ്‍റ വ്യക്തമാക്കിയിരുന്നു.
പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇത് തെളിയിക്കുന്ന ശബ്ദരേഖകളടക്കമുള്ള ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരിക.
എത്ര പോസ്റ്റൽ വോട്ടുകൾ ഓരോ ജില്ലയിലും പോയിട്ടുണ്ട്. ഒന്നിലധികം പോസ്റ്റൽ വോട്ടുകൾ ഒരു പൊലീസുകാരന് കിട്ടിയിട്ടുണ്ടോ, എങ്കിൽ അതെങ്ങനെ സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. സ്ഥലം മാറ്റമടക്കമുള്ള ഭീഷണികൾ ആർക്കെങ്കിലും നേരെ ഉണ്ടായോ എന്നതും അന്വേഷണവിധേയമാകും.
അയച്ച പോസ്റ്റൽ വോട്ടുകൾ യഥാർഥ വോട്ടർക്ക് കിട്ടുന്നതിന് പകരം ചില അസോസിയേഷനുകൾ സ്വാധീനം ചെലുത്തി പോസ്റ്റോഫീസുകളിൽ നിന്ന് കൂട്ടത്തോടെ എടുത്തതായും ആക്ഷേപങ്ങളുയർന്നിട്ടുണ്ട്. ഇതടക്കം പോസ്റ്റോഫീസ് ജീവനക്കാർക്ക് സംഭവിച്ച വീഴ്‍ചകളും പരിശോധിക്കും. പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തുന്നതിൽ ഇപ്പോഴുള്ള പാളിച്ചകൾ പരിഹരിക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ ഇന്‍റലിജൻസ് മേധാവി നിർദേശിച്ചിട്ടുണ്ട്.