ഹേമാ കമ്മിറ്റി റിപ്പോ‌ട്ട് പഠിച്ചശേഷം പ്രതികരിക്കാം അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്

റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം എവിടെയാണ് മറുപടി നൽകേണ്ടതെന്നും എന്താണ് മറുപടി നൽകേണ്ടതെന്നും സംബന്ധിച്ച് തീരുമാനമെടുക്കും. മറ്റ് സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ

0

കൊച്ചി| ഹേമാ കമ്മിറ്റി റിപ്പോ‌ർട്ടിനെ കുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. താരസംഘടനയായ അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

‘റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം എവിടെയാണ് മറുപടി നൽകേണ്ടതെന്നും എന്താണ് മറുപടി നൽകേണ്ടതെന്നും സംബന്ധിച്ച് തീരുമാനമെടുക്കും. മറ്റ് സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ. വളരെ സെൻസിറ്റീവായ വിഷയമാണ്, എന്തെങ്കിലും വാക്ക് പറയുമ്പോഴും ഒരു അക്ഷരം പറയുമ്പോഴും വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ ഭാവിയിൽ ദൂഷ്യഫലങ്ങളുണ്ടാക്കും. വിശദമായി പഠിച്ചതിനുശേഷം മാദ്ധ്യമങ്ങളെ കാണും’- സിദ്ദിഖ് വ്യക്തമാക്കി.

‘നിരവധി പേജുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ്. ചാനലില്‍ കൊടുക്കുന്നത് ഏതാനും ചില വരികള്‍ മാത്രമാണ് ചാനലില്‍ കാണിക്കുന്നത്. പഠിച്ച ശേഷം പ്രതികരിക്കും. ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യും. ഞാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി വന്നയാളാണ്. എന്താണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അറിയില്ല. പൊള്ളാച്ചിയില്‍ ഒക്കെ ഷൂട്ടിംഗ് സൈറ്റില്‍ ഡ്രസ് മാറികൊണ്ടിരുന്നത് സാരി മറച്ചിട്ടാണെന്ന് വാണി പറഞ്ഞ് കേട്ടിട്ടുണ്ട്. അന്നത്തെ കാലം അതാണല്ലോ. ഇന്നാണല്ലോ കാരവന്‍ ഒക്കെ വന്നത്. ഇന്നും സൗകര്യം ചെയ്തുകൊടുത്തില്ലെങ്കില്‍ അത് തെറ്റാണ്. റിപ്പോര്‍ട്ട് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാം’, നടന്‍ ബാബു രാജും പ്രതികരിച്ചു.

ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ ഉച്ചയ്ക്ക് രണ്ടരയോടെ പുറത്തുവന്നത്. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടിലെ ഭാഗമാണ് പരസ്യപ്പെടുത്തിയത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും റിപ്പോർട്ടിലില്ലെന്നാണ് വിവരം.

ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൊഴി നൽകിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അപേക്ഷകർക്ക് പകർപ്പ് നൽകാനുള്ള വിവരാവകാശ കമ്മീഷന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു കോടതി.കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമാ കമ്മിറ്റി 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്

You might also like

-