അമിത് ഷായ്ക്ക് ഒറ്റപ്പദവി നയമില്ല: ബിജെപി അധ്യക്ഷനായി തുടരും; ജെ പി നദ്ദ വർക്കിങ് പ്രസിഡണ്ട്

ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നത് വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് സൂചന. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്.

0

ഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരും. മുൻ കേന്ദ്രമന്ത്രി ജെ പി നദ്ദയെ ബിജെപി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. ദില്ലിയിൽ ചേർന്ന പാർലമെന്‍ററി ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. അടുത്ത ആറ് മാസത്തേക്കാണ് ജെ പി നദ്ദയുടെ നിയമനം. ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നത് വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് സൂചന. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്.

ഒറ്റപ്പദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിൽ അമിത് ഷാ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ബിജെപി അധ്യക്ഷനായി അമിത് ഷാ തന്നെ തുടരുമ്പോഴും തൽക്കാലം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഒരു പ്രവർത്തനാധ്യക്ഷനെ നിയമിക്കുന്നത്. ആഭ്യന്തര തെരഞ്ഞെടുപ്പ് ഈ പ്രവർത്തനാധ്യക്ഷന്‍റെ മേൽനോട്ടത്തിലാകും നടക്കുക.

2018 സെപ്റ്റംബറിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗം ലോക്സഭാ തെര‍ഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സംഘടനാ തെരഞ്ഞെടുപ്പുകൾ മരവിപ്പിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മേൽനോട്ടം അമിത് ഷായുടെ നേതൃത്വത്തിൽത്തന്നെ മുന്നോട്ടുപോകുമെന്നായിരുന്നു തീരുമാനം. അഞ്ച് വർഷം മുൻപ് ബിജെപി അധ്യക്ഷനായ ഷായുടെ കാലാവധി, ജനുവരിയിൽ അവസാനിച്ചിരുന്നു.

ജൂലൈ 2014-ലാണ് രാജ്‍നാഥ് സിംഗിന് ശേഷം അമിത് ഷാ ബിജെപി അധ്യക്ഷപദത്തിലെത്തുന്നത്. രാജ്‍നാഥ് സിംഗ് കേന്ദ്രമന്ത്രിസഭയിലേക്ക് പോയപ്പോൾ ഷാ പാർട്ടി തലപ്പത്തെത്തി. രാജ്‍നാഥ് സിംഗിന് 18 മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം കേന്ദ്രമന്ത്രിയായത്. ‘ഒരാൾക്ക് ഒറ്റപ്പദവി’ എന്ന നയമനുസരിച്ച് അദ്ദേഹം ബിജെപി അധ്യക്ഷപദമൊഴിയുകയായിരുന്നു. തുടർന്ന് 2016-ൽ അമിത് ഷാ ഔദ്യോഗികമായി ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

അമിത് ഷാ ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ, അതും ആഭ്യന്തരം പോലെയൊരു സുപ്രധാന വകുപ്പ് ഏറ്റെടുക്കുമ്പോഴും, ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുന്നില്ല. ബിജെപി ഭരണഘടനയനുസരിച്ച് ഒരാൾക്ക് തുടർച്ചയായി രണ്ട് തവണ അധ്യക്ഷപദത്തിൽ തുടരാം. ഇതനുസരിച്ച് അമിത് ഷായ്ക്ക് അടുത്ത മൂന്ന് വർഷത്തേക്ക് കൂടി ബിജെപി അധ്യക്ഷനാകാം.

മോദിക്കൊപ്പം ഷാ നേടിയ 303 സീറ്റുകളുടെ വൻ വിജയത്തിന് ശേഷമാണ് അമിത് ഷാ കേന്ദ്രമന്ത്രിപദത്തിലെത്തുന്നത്. നേരത്തേ പാർലമെന്‍ററി ബോർഡ് അംഗവും മുതിർന്ന കേന്ദ്രമന്ത്രിയുമായിരുന്ന ജെ പി നദ്ദയെ രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ, അദ്ദേഹം അമിത് ഷായുടെ പിൻഗാമിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. പാർട്ടി വൻ വിജയം നേടിയ ഉത്തർപ്രദേശിന്‍റെ ചുമതലക്കാരനായിരുന്നു ജെ പി നദ്ദ. ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്‍ത്തുമെന്ന് കരുതപ്പെട്ടിരുന്ന മഹാസഖ്യത്തെ 15 സീറ്റുകളിലൊതുക്കാനും നദ്ദയുടെ നേതൃത്വത്തിൽ ബിജെപിക്ക് കഴിഞ്ഞു.

പുതിയ അംഗത്വ പരിപാടികളടക്കം വിപുലമായാണ് ബിജെപിയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുക. മണ്ഡൽ, ജില്ലാ, സംസ്ഥാനതലങ്ങളിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിനാൽ ഇവയൊഴികെ മറ്റ് സംസ്ഥാനങ്ങളിലെ ഭാരവാഹി തെരഞ്ഞെടുപ്പുകളാണ് നടക്കുക.

എന്തായാലും ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടം അമിത് ഷാ തന്നെയാകും വഹിക്കുക. ഈ മാസം 9-ന് ഈ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഷാ വെവ്വേറെ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയിരുന്നു..

You might also like

-