ഹിന്ദി അടിച്ചേല്‍പ്പിക്കുമെന്ന് പറഞ്ഞിട്ടില്ല അമിത് ഷാ
‘ഹിന്ദി ദിവസ്’ ആചരണത്തിന്റെ ഭാഗമായാണ് അമിത് ഷാ തന്റെ പ്രസംഗത്തിലൂടെയും ട്വിറ്ററിലൂടെയും ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന നിർദേശം അവതരിപ്പിച്ചത്
ഡൽഹി :രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മാതൃഭാഷക്ക് പുറമേ ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്നാണ് അഭ്യര്‍ഥിച്ചത്. ഹിന്ദി മാതൃഭാഷയല്ലാത്ത ഗുജറാത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഇതിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് അതാകാമെന്നും അമിത് ഷാ പറഞ്ഞു.‘ഹിന്ദി ദിവസ്’ ആചരണത്തിന്റെ ഭാഗമായാണ് അമിത് ഷാ തന്റെ പ്രസംഗത്തിലൂടെയും ട്വിറ്ററിലൂടെയും ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന നിർദേശം അവതരിപ്പിച്ചത്. ആഗോളതലത്തിൽ ഇന്ത്യയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന നിലയിൽ രാജ്യത്തിനു മൊത്തത്തിൽ ഒരു ഭാഷ അനിവാര്യമാണെന്നായിരുന്നു അമിത് ഷായുടെ നിലപാട്.
എന്നാല്‍ ഇത് ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു. ബി.ജെ.പി സഖ്യ കക്ഷികള്‍ ഉള്‍പ്പെടെ അമിത് ഷായുടെ നിര്‍ദേശത്തിനെതിരെ രംഗത്തെത്തി. കേരളം, തമിഴ്നാട്, കര്‍ണാടകം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഇതോടെയാണ് അമിത് ഷായുടെ വിശദീകരണം.