അമിത് ഷാ കണ്ണൂരില്‍ വന്നിറങ്ങിയെന്നത് അത്ഭുതകരമായ വാര്‍ത്ത:എം.എം മണി
ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം
ഇടുക്കി :കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വന്നിറങ്ങിയെന്നത് അത്ഭുതകരമായ വാര്‍ത്തയെന്ന് മന്ത്രി എം.എം മണി. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കില്‍ അത്ഭുതകരമാണ്. ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രമെന്ന് എം എം മണി ഫെയ്‌സ്ബുക്കിലെഴുതി.
ബിജെപിയുടെ ഓഫീസ് ഉദ്ഘാടനത്തിന് കണ്ണൂരില്‍ വിമാനം ഇറങ്ങിയ അമിത് ഷായക്ക് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വിമാനത്താവളത്തിലെത്തുന്ന ആദ്യ യാത്രക്കാരനായി അമിത് ഷാ വന്നിറങ്ങിയത് ഇതിനകം വിമര്‍ശന വിധേയമായിട്ടുണ്ട്.
എം എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
#അത്ഭുതകരമായ #വാർത്ത.
കണ്ണൂർ വിമാനത്താവളത്തിൽ ബി.ജെ.പി.യുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തിൽ ഇറങ്ങുന്നുവെന്ന് . ഇത് കേട്ടപ്പോൾ അത്ഭുതം തോന്നി. എന്തെന്നാൽ, വിമാനത്താവളം ഉദ്ഘാടനം ചെയ്‌ത് പ്രവർത്തനം തുടങ്ങിയിട്ടില്ല. അപ്പോൾ, സർക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കിൽ അത്ഭുതകരമാണ്. ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴിൽ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രം.
.