ഭേദഗതി ഉത്തരവ് സ്വാഗതാര്‍ഹം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; ഭേദഗതി ഉത്തരവ് യുഡിഎഫിന്‍റെ ദുഷ്ടലാക്കിനേറ്റ തിരിച്ചടി – സിപിഐ എം ജില്ലാ കമ്മറ്റി

1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടമനുസരിച്ച് കൃഷിക്കും വീടു വയ്ക്കുന്നതിനും മാത്രമാണ് പട്ടയ ഭൂമി പതിച്ചു നല്‍കുന്നത്. ഈ നിയമം നിലനില്‍ക്കുന്നതുകൊണ്ടാണ് കോടതി ഇടപെടല്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ നിയമത്തില്‍ മാറ്റം വരുത്താനും ആവശ്യമായ ഭേദഗതികളോടു കൂടി നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം.

0
ചെറുതോണി: ജനാധിപത്യ ഭരണക്രമത്തില്‍ ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കുമുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താതെ രാഷ്ട്രീയ ലാഭം നോക്കി ഹര്‍ത്താലിനിറങ്ങിയ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂ വിനിയോഗത്തിലെ ഭേദഗതി ഉത്തരവെന്ന് സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജനങ്ങള്‍ക്കെതിരായ ഉത്തരവുകളോ സര്‍ക്കുലറുകളോ ഉണ്ടായാല്‍ ഭരണ നേതൃത്വവുമായി ചര്‍ച്ച ചെയ്യാനുള്ള സാമാന്യമായ മര്യാദ ലംഘിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് യുഡിഎഫ് മുതിര്‍ന്നത്. യുഡിഎഫിന്‍റെ എംപിയോ എംഎല്‍എമാരോ സര്‍ക്കാരിനെ സമീപിക്കുകയെ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്യാതെ സമര കോപ്രായങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ക്കുള്ള പ്രഹരമാണ് പുതിയ ഉത്തരവ്. എല്ലാക്കാലവും കര്‍ഷകര്‍ക്ക് ഒപ്പം നിന്ന പാരമ്പര്യമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കുള്ളത്. ഇടുക്കി ജില്ലയിലെ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി സംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസിന്‍റെ ഇടക്കാല ഉത്തരവിന്‍മേലാണ് റവന്യൂ വകുപ്പ് ആഗസ്റ്റ് 22 ന് ഭൂ വിനിയോഗ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചും കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം ധരിപ്പിച്ചും ജില്ലയിലെ ഇടതു നേതൃത്വം മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. ജില്ലയിലെ കൃഷിക്കാര്‍ക്കെതിരായ ഒരു നടപടിയും ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉറപ്പു നല്‍കിയിരുന്നു.

ഇക്കാര്യം വാര്‍ത്താ മാധ്യമങ്ങളിലൂടെ എല്‍ഡിഎഫി ജില്ലാ നേതൃത്വം ജനങ്ങളെ അറിയിച്ചിരുന്നു. വാക്കുപാലിച്ച മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും സിപിഐ എം ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. ജില്ലയിലെ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും ഭൂ വിനിയോഗ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയ ഉത്തരവിനെ മലയോര കര്‍ഷക ജനതയ്ക്കായി ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു. നിയന്ത്രണം നില്‍ക്കുന്ന എട്ടു വില്ലേജുകളിലെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണമെന്നും സിപിഐ എം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭൂ വിനിയോഗ ഉത്തരവിന്‍റെ പേരില്‍ ജില്ലയില്‍ അരങ്ങേറിയത് സമരാഘോഷങ്ങളായിരുന്നു. കസ്തൂരിരംഗന്‍ സമര കലത്ത് പോലും മലകയറി വരാതിരുന്ന പി.ജെ. ജോസഫും ജോസ് കെ. മാണിയും രാഷ്ട്രീയ തിരിച്ചു വരവിനൊരുങ്ങി ബലാബല പരീക്ഷണത്തിന് കുന്നിന്‍മുകളിലേക്ക് എത്തിയത് നാട്ടുകാര്‍ക്ക് തന്നെ കൗതുകകരമായി. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ ഉപദേഷ്ടാവ് പി.ടി. തോമസ് ആണെന്ന വിവരം ജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും എച്ച്ആര്‍എംഎല്‍ പദ്ധതിയും മലയോര കര്‍ഷകനുമേല്‍ മരണ വാറണ്ടായി അടിച്ചേല്‍പ്പിക്കാന്‍ അച്ചാരം വാങ്ങിയവര്‍ നടത്തുന്ന തട്ടിക്കൂട്ടു സമരങ്ങളെ പുച്ഛത്തോടെയാണ് കര്‍ഷകര്‍ കണ്ടത്. 16 ഉപാധികളുള്ള പട്ടയം അടിച്ചേല്‍പ്പിച്ചും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് ഉത്തരവിറക്കിയതും യുഡിഎഫ് സര്‍ക്കാരാണെന്ന കാര്യം ജനങ്ങള്‍ മറന്നിട്ടില്ല. പതിച്ചു കിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന അതിക്രൂരമായ ഉത്തരവ് ഇറക്കിയതും പട്ടയത്തിന് വരുമാന പരിധി വച്ചതും ഒരേക്കര്‍ ഭൂമിക്കേ പട്ടയം കൊടുക്കാവു എന്ന നിയമം കൊണ്ടുവന്നതും കേരള കോണ്‍ഗ്രസ് നേതാക്കള്‍ റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ ആണെന്ന കാര്യം മലയോര കര്‍ഷകര്‍ ഇപ്പോഴും ഓര്‍ത്തുവയ്ക്കുന്നുണ്ട്. ഭൂ വിനിയോഗ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് കോണ്‍ഗ്രസ്സിന്‍റെ സംസ്ഥാന നേതാക്കളെ കൊണ്ട് പോലും അഭിപ്രായം പറയാന്‍ കഴിയാത്ത ജില്ലാ നേതൃത്വം ജനങ്ങളുടെ മുമ്പില്‍ ഒരിക്കല്‍ കൂടി അപഹാസ്യരാവുന്ന ചിത്രമാണ് കാണാന്‍ കഴിയുന്നതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു.

നിയമ ഭേദഗതി കൊണ്ടുവരണം; ടൂറിസം നിര്‍മ്മാണത്തിന് ചട്ടം വേണം, എട്ടു വില്ലേജുകളിലെ നിയന്ത്രണവും നീക്കണം
ഭേദഗതി ഉത്തരവിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു എന്നാല്‍ ഭൂ വിനിയോഗം സംബന്ധിച്ച് ശ്വാശത പരിഹാരത്തിന് നിയമ ഭേദഗതി കൊണ്ടുവരണമെന്ന് സിപിഐ എം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടമനുസരിച്ച് കൃഷിക്കും വീടു വയ്ക്കുന്നതിനും മാത്രമാണ് പട്ടയ ഭൂമി പതിച്ചു നല്‍കുന്നത്. ഈ നിയമം നിലനില്‍ക്കുന്നതുകൊണ്ടാണ് കോടതി ഇടപെടല്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ നിയമത്തില്‍ മാറ്റം വരുത്താനും ആവശ്യമായ ഭേദഗതികളോടു കൂടി നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം. മൂന്നാര്‍ ഉള്‍പ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക ചട്ടം രൂപീകരിക്കണമെന്നും ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചു. അടിക്കടി ഉണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ചട്ടം കൊണ്ടുവരണം. എന്‍ഒസിയോടു കൂടിയേ നിര്‍മ്മാണം നടത്താവൂ എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള എട്ട് വില്ലേജുകളിലെ നിയന്ത്രണവും ഉടന്‍ നീക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

You might also like

-