മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കര്‍ണാടക പൊലീസ് തടഞ്ഞതിനെ തുടര്ന്നു രോഗി മരിച്ചു
കർണാടക ബി.സി റോഡ് സ്വദേശിനി പാത്തുഞ്ഞിയാണ് മരിച്ച
കാസര്‍കോട് ചികിത്സ കിട്ടാതെ രോഗി മരിച്ചു. കർണാടക ബി.സി റോഡ് സ്വദേശിനി പാത്തുഞ്ഞിയാണ് മരിച്ചത്. തലപ്പാടിയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കര്‍ണാടക പൊലീസ് തടയുകയായിരുന്നു.കർണാടക ബിസി റോഡിലുള്ള വീട്ടിൽ നിന്നും രണ്ടാഴ്ച മുന്‍പാണ് 90കാരിയായ പാത്തുഞ്ഞി മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയത്.
ഇന്നലെ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതിനിടെ തലപ്പാടിയിലെ അതിർത്തിയിൽ പൊലീസ് ആംബുലൻസ് തടയുകയായിരുന്നു. 90 വയസ്സുള്ള രോഗിയാണ് ആംബുലൻസിലുള്ളതെന്ന് അറിയിച്ചിട്ടും പൊലീസ് യാത്ര തുടരാൻ അനുവദിച്ചില്ല.കഴിഞ്ഞ ദിവസം കുഞ്ചത്തൂരില്‍ താമസിക്കുന്ന ബീഹാര്‍ പാറ്റ്‌ന സ്വദേശി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ആംബുലൻസിൽ പ്രസവിച്ചിരുന്നു. ചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവാത്തതോടെ മഞ്ചേശ്വരം തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദ് ചികിത്സ കിട്ടാതെ മരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി റോഡുകള്‍ കര്‍ണാടക പൂര്‍ണമായും അടച്ചതോടെ മംഗളൂരുവില്‍ സ്ഥിരമായി ചികിത്സ തേടുന്ന നിരവധി രോഗികളാണ് പ്രയാസത്തിലായത്.