അമ്പലപ്പുഴയിൽ തീരം വിഴുങ്ങി കടൽ തീരവാസികൾ ദേശീയപാത ഉപരോധിച്ചു

ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി

0

അമ്പലപ്പുഴ :കടൽക്ഷോഭം അതിരൂക്ഷമായ അമ്പലപ്പുഴയിൽ സർക്കാർ നടപടി ആവശ്യപ്പെട്ട് തീരവാസികൾ ദേശീയപാത ഉപരോധിച്ചു. അശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും ചിലയിടങ്ങളിൽ കടൽഭിത്തി ഇല്ലാത്തതുമാണ് കടൽക്ഷോഭത്തിന് കാരണമെന്നാരോപിച്ചായിരുന്നു ഉപരോധം. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ഒടുവിൽ കളക്ടറെത്തി പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്

മഴ ശക്തമായതോടെയാണ് അമ്പലപ്പുഴ, പുറക്കാട്, കാക്കാഴം, നീർക്കുന്നം ഭാഗങ്ങളിൽ കടലാക്രമണം ശക്തമായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമായി. വീടുകളിലേയ്ക്ക് തിരയടിച്ച് കയറാൻ തുടക്കിയതോടെയാണ് വൈകിട്ട് പ്രതിഷേധവുമായി തീരവാസികൾ അമ്പലപ്പുഴയിൽ ദേശീയപാത ഉപരോധിച്ചത്. നൂറു കണക്കിന് തീരവാസികൾ എത്തിയതോടെ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് കളക്ടറെത്തി ചർച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.

കടലാക്രമണത്തിൽ ഭീഷണി നേരിടുന്ന വീടുകൾക്കുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് ഉറപ്പ് നൽകി. കടൽക്ഷോഭ പ്രദേശത്ത് നിന്ന് ആളുകൾക്ക് മാറി താമസിക്കാമെന്നും മാറി താമസിക്കാൻ തയ്യാറാകുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നും കളക്ടർ പറഞ്ഞു. വീടുകൾക്കുള്ള സംരക്ഷണഭിത്തി രണ്ട് ദിവസത്തിനകം നിർമ്മിക്കുമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിച്ചത്. റോഡ് ഉപരോധം അവസനിപ്പിച്ച ശേഷം കടലാക്രമണ ബാധിതപ്രദേശങ്ങളും കളക്ടർ സന്ദർശിച്ചു

You might also like

-